വട്ടാർകയത്ത് തോട്ടിൽ വിഷം കലർത്തി മത്സ്യം പിടിക്കാൻ ശ്രമം
1497058
Tuesday, January 21, 2025 5:44 AM IST
റാന്നി: പമ്പാനദിയുടെ പ്രധാന കൈവഴിയായ വലിയ തോടിന്റെ ഭാഗമായ വട്ടാർകയം തോട്ടിലെ കുളിക്കടവിൽ സാമൂഹ്യവിരുദ്ധർ വിഷം കലക്കിയതായി പരാതി. കഴിഞ്ഞദിവസം വൈകുന്നേരം കടവിൽ കുളിക്കാനെത്തിയ സ്ത്രീകൾ തോട്ടിലെ വെള്ളത്തിന്റെ നിറവ്യത്യാസം കണ്ട് അന്വേഷിച്ചപ്പോഴാണ് തോട്ടിൽ മീൻ പിടിക്കുന്നതിനായി വിഷം കലർത്തിയതായി മനസിലാക്കിയത്.
അങ്ങാടി പഞ്ചായത്തിൽ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന സ്ഥലമാണ് വലിയകാവ്, വട്ടാർകയം മേഖലകൾ. അതുകൊണ്ടുതന്നെ വട്ടാർകയം ഭാഗത്തെ നൂറുകണക്കിന് വീട്ടുകാരാണ് ഈ കുളിക്കടവിനെ ആശ്രയിച്ചിരുന്നത്.
കൂടാതെ ഈ കുളിക്കടവിനോട് ചേർന്നുള്ള വീട്ടുകാർ കുടിക്കുന്നതിനൊഴികെയുള്ള ആവശ്യങ്ങൾക്കായി ഈ വെള്ളമാണ് ഉപയോഗിച്ചിരുന്നത്.
കാലവർഷം എത്തുംവരെ എന്തുചെയ്യുമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് നാട്ടുകാർ. ഇവിടെ വിഷം കലർത്തി വെള്ളം ഉപയോഗശൂന്യമാക്കിയവർക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. സതീഷ് കുമാർ പോലീസിലും ആരോഗ്യവകുപ്പിനും പരാതി നൽകി.