തീവ്രത കൂടിയ ഹെഡ്ലൈറ്റുകള്ക്കെതിരേ മോട്ടോർ വാഹനവകുപ്പ്
1497045
Tuesday, January 21, 2025 5:34 AM IST
പത്തനംതിട്ട: തീവ്രത കൂടിയ ഹെഡ്ലൈറ്റുകളും ഹോണുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. റോഡ് സുരക്ഷാമാസം പരിഗണിച്ച് പത്തനംതിട്ട ആര്‍ടിഒയുടെ നേതൃത്വത്തില്‍ വാഹനപരിശോധന കര്‍ശനമാക്കി.
റോഡ് സുരക്ഷയ്ക്കായി മോട്ടോർ വാഹനവകുപ്പ് എല്ലാ വര്‍ഷവും ബോധവത്കരണ ക്ലാസുകള്‍ നടത്തുന്നുണ്ടെങ്കിലും വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പരിശോധനകൾ കർശനമാക്കിയത്.
മാനദണ്ഡങ്ങള്‍ പാലിക്കാതെ തീവ്രത കൂടിയ ഹെഡ്ലൈറ്റുകളും ഹോണുകളും ഉപയോഗിക്കുന്നത് അപകടങ്ങൾക്ക് പ്രധാന കാരണമാകുന്നുവെന്നാണ് നിഗമനം. അമിത ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകള്‍, സൈലന്‍സറുകള്‍ എന്നിവ ബധിരതയ്ക്കും ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ട്.
ഇത്തരം കുറ്റകൃത്യങ്ങളില്‍നിന്ന് വിട്ടുനിന്നു മെച്ചപ്പെട്ട റോഡ് സംസ്കാരം നടപ്പാക്കുന്നതിന് ഡ്രൈവര്‍മാര്‍ സഹകരിക്കണമെന്ന് ആര്‍ടിഒ എച്ച്. അന്‍സാരി അറിയിച്ചു.