സഹയാത്രികരായി നാം മാറണം: മാർത്തോമ്മ മെത്രാപ്പോലീത്ത
1497271
Wednesday, January 22, 2025 4:11 AM IST
തിരുവല്ല: ദൈവം ക്രിസ്തുവിൽ വെളിപ്പെട്ടത് സഹയാത്രികനായാണെന്ന തിരിച്ചറിവിൽ മറ്റുള്ളവരോടൊപ്പം യാത്ര ചെയ്യാൻ നമുക്കു കഴിയണമെന്ന് ഡോ. തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത. കേരള കാത്തലിക് ബിഷപ്സ് കൗൺസിലും കേരള കൗൺസിൽ ഓഫ് ചർച്ചസും ചേർന്ന് നടത്തുന്ന സഭൈക്യ പ്രാർഥനാ വാരവുമായി ബന്ധപ്പെട്ട എക്യുമെനിക്കൽ സമ്മേളനം തിരുവല്ല കിഴക്കൻ മുത്തൂർ സെന്റ് പോൾസ് മാർത്തോമ്മ പള്ളിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഐക്യം ശക്തമാകുവാൻ ആവശ്യമായ ഇടപെടലുകൾ കുടുംബത്തിലും സഭയിലും സമൂഹത്തിലും ഉണ്ടാകണമെന്നും മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപ് മാർ തോമസ് തറയിൽ അധ്യക്ഷത വഹിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ മാർ സാമുവേൽ തെയോഫിലോസ്, ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത,
കെസിസി മുൻ പ്രസിഡന്റ് ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, സീറോ മലബാർ സഭ എക്യുമെനിക്കൽ കമ്മീഷൻ സെക്രട്ടറി ഫാ. സിറിൽ തോമസ് തയ്യിൽ, സോൺ പ്രസിഡന്റ് റവ. ജോസ് പുനമഠം, റവ.രഞ്ജി വർഗീസ് മല്ലപ്പള്ളി, കെസിസി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ലിനോജ് ചാക്കോ, ജോജി പി. തോമസ്, രാജൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു.