നെടുന്പ്രം ക്ഷേത്രത്തിലെ മോഷണം: ഒരാൾ അറസ്റ്റിൽ
1497265
Wednesday, January 22, 2025 3:55 AM IST
തിരുവല്ല: തിരുവല്ലയിലെ നെടുംമ്പ്രം പുത്തൻകാവ് ദേവീ ക്ഷേത്രത്തിൽ കവർച്ച നടത്തിയ കേസിലെ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. ആലപ്പുഴ തലവടി വാഴയിൽ മാത്തുക്കുട്ടി മത്തായിയാണ് (വാവച്ചൻ-60 ) അറസ്റ്റിലായത്.
കഴിഞ്ഞ നവംബർ 30നു പുലർച്ചെയോടെ ആയിരുന്നു മോഷണം. ക്ഷേത്രത്തിലെ പ്രധാന നടയുടെയും ഉപദേവത നടകളുടെയും മുമ്പിൽ ഉണ്ടായിരുന്ന കാണിക്ക വഞ്ചികൾ അടക്കം കുത്തിത്തുറന്ന് അയ്യായിരത്തോളം രൂപ ഇയാൾ കവർന്നിരുന്നു. ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽനിന്ന് ആളെ പോലീസ് തിരിച്ചറിഞ്ഞു.
പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ പുന്നപ്ര അന്നപൂർണേശ്വരി ക്ഷേത്രത്തിൽ നടത്തിയ കവർച്ചയെത്തുടർന്ന് രണ്ടാഴ്ച മുമ്പ് മാത്തുക്കുട്ടി പുന്നപ്ര പോലീസിന്റെ പിടിയിലായി. ഈ വിവരം അറിഞ്ഞ പുളിക്കീഴ് പോലീസ് പുന്നപ്ര സ്റ്റേഷനിൽ എത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ആലപ്പുഴ സബ്ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ഇയാളെ പുളിക്കീഴ് എസ്ഐ കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ വാങ്ങി, ക്ഷേത്രത്തിലെത്തിച്ച് തെളിവെടുത്തു. മോഷണത്തിലൂടെ ലഭിക്കുന്ന പണവുമായി ട്രെയിൻ മാർഗം മാഹിയിലേക്ക് കടന്ന് ആർഭാട ജീവിതം നയിക്കുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് എസ്ഐ കെ. സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണെന്നും പോലീസ് അറിയിച്ചു.