സുഗതോത്സവത്തിന് ഇന്ന് സമാപനം
1497277
Wednesday, January 22, 2025 4:11 AM IST
ആറന്മുള: സുഗതകുമാരിയുടെ ഒരു വര്‍ഷം നീണ്ടുനിന്ന നവതി ആഘോഷങ്ങളുടെ സമാപനം ഇന്ന് നടക്കും. പിറന്നാള്‍ ദിനമായ ഇന്ന് മൂന്നിന് ആറന്മുള വിജയാനന്ദ വിദ്യാപീഠത്തില്‍ നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും.
നവതി ആഘോഷ സമിതി അംഗം പന്ന്യന്‍ രവീന്ദ്രന് അധ്യക്ഷത വഹിക്കും. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് നവതി പുരസ്കാരം പരിസ്ഥിതി സംരക്ഷകന്‍ ശ്രീമന്നാരായണന് നല്കി ആദരിക്കും. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന സുഗത സൂക്ഷ്മവന പദ്ധതി സമ്മതപത്രം നവതി ആഘോഷ കമ്മിറ്റി ചെയര്മാന് കുമ്മനം രാജശേഖരന്, ഡോ. ഇന്ദിര രാജനില്‍നിന്ന് സ്വീകരിക്കും.
രാവിലെ 9.30ന് സുഗത കാവ്യമഞ്ജരി-സുഗതകുമാരിയുടെ കാവ്യലോകത്തെക്കുറിച്ചും പൊതുപ്രശ്നങ്ങളിലെ ഇടപെടലുകളെക്കുറിച്ചുമുള്ള അപഗ്രഥനവും പഠനവും നടത്തുന്ന സമ്മേളനത്തില്‍ പ്രമുഖ കവികളും സാഹിത്യകാരന്മാരും പങ്കെടുക്കും.
പ്രഫ. വി. മധുസൂദനന് നായര്‍ ഉദ്ഘാടനം ചെയ്യും. ഗാനരചയിതാവ് രാജീവ് ആലുങ്കല്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോ. എം.ആര്. തമ്പാന്, കവി കെ. രാജഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
11.30ന് സുഗത സംഗീതാഞ്ജലി-സുഗതകുമാരി കവിതകള്‍ വിവിധ രാഗങ്ങളിലും ഭാവത്തിലും സംഗീതജ്ഞന് ഡോ. മണക്കാല ഗോപാലകൃഷ്ണന് അവതരിപ്പിക്കും.