അടിപ്പാതയിൽ കൂരിരുട്ട്, നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല
1497276
Wednesday, January 22, 2025 4:11 AM IST
തിരുവല്ല: എംസി റോഡിനെയും ടികെ റോഡിനെയും ബന്ധിപ്പിക്കുന്ന തിരുമൂലപുരം - കറ്റോട് റോഡിലെ ഇരുവെള്ളിപ്ര റെയിൽവേ അടിപ്പാതയിൽ പകലും കൂരിരുട്ട്. പാതയിൽ വഴിവിളക്ക് സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
സ്ഥിരമായ വെള്ളക്കെട്ടുമൂലം ഗതാഗതം തടസപ്പെടുന്ന അടിപ്പാതയിലെ കാൽനടക്കാരും ഇരുചക്ര വാഹനയാത്രക്കാരും വെളിച്ചക്കുറവു കാരണം ബുദ്ധിമുട്ടുന്നു. നിരവധി ആരാധനാലയങ്ങളും സ്കൂളുകളും ഉൾപ്പെടുന്ന ഈ പ്രദേശത്ത് വിദ്യാർഥികളടക്കം നൂറുകണക്കിനാളുകൾ നിത്യേന കാൽനടക്കാരായുണ്ട്.
നട്ടുച്ചയ്ക്കുപോലും പാതയിൽ ഇരുട്ടാണ്. പാതയ്ക്കു സമീപം സാമൂഹ്യവിരുദ്ധ ശല്യവും ഏറിയിട്ടുണ്ട്. അടിപ്പാതയിൽ വൈദ്യുതിവിളക്ക് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ റെയിൽവേക്കും മുനിസിപ്പാലിറ്റിക്കും നിവേദനം നൽകിയിരുന്നു. രണ്ടുവർഷം മുമ്പ് കൊല്ലത്തുനിന്നുള്ള റെയിൽവേ ഇലക്ട്രിക്കൽ സെക്ഷൻ ഉദ്യോഗസ്ഥർ സ്ഥലത്ത് വരികയും വൈദ്യുതവിളക്ക് സ്ഥാപിക്കുന്നതിന് നഗരസഭയ്ക്ക് അനുമതി നൽകുകയും ചെയ്തിരുന്നു.
എന്നാൽ റെയിൽവേയോ നഗരസഭയോ വൈദ്യുതവിളക്ക് സ്ഥാപിക്കുന്നതിന് താത്പര്യം കാണിക്കാത്തതിനേത്തുടർന്നാണ് നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്.
നാട്ടുകൂട്ടം ജനറൽ കോ-ഓർഡിനേറ്റർ സോജ കാർലോസിന്റ് അധ്യക്ഷതയിൽ നടന്ന പ്രതിഷേധ ജ്വാല പൊതുപ്രവർത്തകൻ വി.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. നാട്ടുകൂട്ടം ഭാരവാഹികളായ ഷിബു ഫിലിപ്പ്, എബി പീറ്റർ, സാൻസി ജേക്കബ്, പി.വി. സോമൻ, ഫിലിപ്പ് ഏബ്രഹാം, രാജൻ ഗീവർഗീസ്,
ആന്റണി ലാസർ, എ.കെ. രവീന്ദ്രൻ, ഷൈനി ബിജു, മുരളി ദിവാകരൻ, നിഷാമണി, കുഞ്ഞൂഞ്ഞമ്മ വർക്കി, ജോയി വർഗീസ്, തോമസ് ബേബി, ബാബു തോമ്മി, അച്ചൻകുഞ്ഞ് തോമസ് എന്നിവർ പ്രസംഗിച്ചു.
photo:
ഇരുവെള്ളിപ്ര റെയിൽവേ അടിപ്പാതയിലെ വെളിച്ചക്കുറവിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകൂട്ടം പ്രവർത്തകർ പ്രതിഷേധ ജ്വാല തെളിച്ചപ്പോൾ.