ചൈന അതിർത്തി: അസാധാരണവും വെല്ലുവിളിയുമെന്ന് മന്ത്രി ജയശങ്കർ
Thursday, May 16, 2024 1:27 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിലെ സൈനിക വിന്യാസം അസാധാരണവും വെല്ലുവിളിയുമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.
രാജ്യസുരക്ഷ അവഗണിക്കാൻ കഴിയില്ലെന്നും അതിർത്തിയിൽ ഇന്ത്യയും സൈന്യത്തെ വിന്യസിക്കാൻ നിർബന്ധിതരായെന്നും കോൽക്കത്തയിൽ ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച പരിപാടിയിൽ ജയശങ്കർ പറഞ്ഞു. യഥാർഥ നിയന്ത്രണരേഖയിൽ (എൽഎസി) സൈനികരെ വിന്യസിക്കുന്പോൾ ചൈന കരാർ ലംഘിച്ചുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ചൈനയുമായുള്ള ബന്ധം സാധാരണനിലയിലാക്കുന്നതിനുള്ള പ്രധാന ചുവടുവയ്പായിരുന്നു രാജീവ് ഗാന്ധിയുടെ 1988ലെ ചൈന സന്ദർശനമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി പറഞ്ഞു. അതിർത്തിയിൽ സമാധാനം നിലനിർത്തുമെന്നും ഇരുഭാഗത്തെയും വ്യത്യാസങ്ങൾ ചർച്ച ചെയ്യുമെന്നും അന്ന് വ്യക്തമായ ധാരണയുണ്ടായിരുന്നു. അന്നുമുതൽ ചൈനയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനമാണിത്.
വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലുള്ള ബന്ധം അടുത്തകാലത്തായി മാറിയിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. എന്തുകൊണ്ടാണ് ഇന്ത്യൻ ബിസിനസുകാർ ചൈനയിൽ നിന്ന് ഇത്രയധികം വാങ്ങുന്നതെന്നും മറ്റേതെങ്കിലും ഉറവിടത്തെ ആശ്രയിക്കാമോയെന്നു ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ മാറിയത് 2020ൽ സംഭവിച്ചതാണ്. 2020ൽ ചൈനക്കാർ ഒന്നിലധികം കരാറുകൾ ലംഘിച്ച്, ഇന്ത്യൻ അതിർത്തിയിലേക്ക് ധാരാളം സേനയെ കൊണ്ടുവന്നു. കോവിഡ് ലോക്ഡൗണിലായിരുന്ന സമയത്താണ് അവരതു ചെയ്തത്. ഗാൽവാൻ ഏറ്റുമുട്ടലിനോട് ഇന്ത്യ പ്രതികരിച്ചത് അവിടെ സേനയെ വിന്യസിച്ചാണെന്നും ജയശങ്കർ പറഞ്ഞു.
അതിർത്തിയിലെ അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിൽ സാന്പത്തിക വെല്ലുവിളിയുമുണ്ട്. ചൈനയുടെ സൈനികസാന്നിധ്യം വർധിപ്പിച്ചതിനു പിന്നാലെ അതിർത്തിയിൽ ഇന്ത്യയും കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. യഥാർഥ നിയന്ത്രണരേഖയിൽ വളരെ അസാധാരണമായ വിന്യാസമാണുള്ളതെന്ന് ജയശങ്കർ വിശദീകരിച്ചു.
ചൈന അതിർത്തിയിൽ നാലു പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും ഗുരുതര സംഘർഷമായ ഗാൽവൻ താഴ്വരയിലെ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു.