നീറ്റ്: നിർദേശവുമായി വിദഗ്ധ സമിതി
Thursday, October 31, 2024 12:54 AM IST
ന്യൂഡൽഹി: സാധ്യമാകുന്ന കേന്ദ്രങ്ങളിൽ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്) ഓണ്‍ലൈനായി നടത്താൻ ശിപാർശ. ഇതു സാധ്യമല്ലാത്ത സെന്ററുകളിൽ ഹൈബ്രിഡ് മോഡലിൽ പരീക്ഷ നടത്താനും നിർദേശമുണ്ട്.
കഴിഞ്ഞ മേയിൽ നടന്ന നീറ്റ് പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ കേന്ദ്രസർക്കാർ നിയോഗിച്ച ഏഴംഗ സമിതിയാണ് നിർദേശങ്ങൾ മുന്നോട്ടുവച്ചത്. നീറ്റ് അടക്കമുള്ള പ്രവേശന പരീക്ഷകളുടെ നടത്തിപ്പ് കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടാണ് ഐഎസ്ആർഒ മുൻ മേധാവി ഡോ. കെ. രാധാകൃഷ്ണൻ അധ്യക്ഷനായ സമിതിയെ കേന്ദ്രസർക്കാർ നിയോഗിച്ചത്.
സമിതിയുടെ പ്രധാന നിർദേശങ്ങൾ
8സാധ്യമാകുന്ന സെന്ററുകളിൽ പ്രവേശന പരീക്ഷകൾ ഓണ്‍ലൈനായി നടത്തുകയെന്നതാണു പ്രധാന നിർദേശം. സന്പൂർണ ഓണ്‍ലൈൻ പരീക്ഷ സാധ്യമല്ലാത്ത സന്ദർഭങ്ങളിൽ ഹൈബ്രിഡ് മോഡൽ പരീക്ഷ സമിതി നിർദേശിക്കുന്നു.
പരീക്ഷാ ചോദ്യപേപ്പറുകൾ ഡിജിറ്റലായി പരീക്ഷാ സെന്ററുകളിൽ എത്തിക്കുകയും വിദ്യാർഥികൾ പരന്പരാഗതരീതിയായ ഒഎംആർ പേപ്പറിലൂടെ ഉത്തരങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്ന രീതിയാണ് ഹൈബ്രിഡ് മോഡൽ. ഇത്തരത്തിൽ പരീക്ഷ നടത്തുന്പോൾ ചോദ്യപേപ്പറുകൾ കൈമാറ്റം ചെയ്യപ്പെടുന്നതിന്റെ എണ്ണം കുറയുമെന്നാണ് സമിതിയുടെ കണ്ടെത്തൽ
► മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് വിദ്യാർഥികൾ ഒന്നിലധികം ഘട്ടമായി പരീക്ഷ എഴുതന്ന മൾട്ടി സ്റ്റേജ് എക്സാം സമിതി നിർദേശിക്കുന്നു.
എൻജിനിയറിംഗ് പ്രവേശന പരീക്ഷയായ ജോയിന്റ് എൻട്രൻസ് എക്സാമിനേഷനു (ജെഇഇ) സമാനമാണിത്. ജെഇഇ മെയിൻ, ജെഇഇ അഡ്വാൻസ്ഡ് എന്നിങ്ങനെ രണ്ടു ഘട്ടമായാണ് എൻജിനിയറിംഗ് പ്രവേശന പരീക്ഷ നടത്തുന്നത്. ഇത്തരത്തിൽ പരീക്ഷ നടത്തുന്പോൾ വിദ്യാർഥികളുടെ എണ്ണം നിയന്ത്രിക്കാൻ സാധിക്കുമെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു.
► കരാർ ജീവനക്കാരെ ഒഴിവാക്കി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) സ്ഥിരം ജീവനക്കാരെ നിയോഗിക്കണം. പരീക്ഷകളുടെ കാര്യക്ഷമത വർധിപ്പിക്കാൻ ഇതു സഹായിക്കും. കൂടാതെ പരീക്ഷാനടത്തിപ്പിനായി സ്വകാര്യസ്ഥാപനങ്ങളെ സമീപിക്കുന്നതിനു പകരം സ്വന്തം സംവിധാനം വികസിപ്പിക്കണമെന്നും സമിതി നിർദേശിച്ചു.
ബാഹ്യസേവന ദാതാക്കളെ ആശ്രയിക്കുന്നതിനുപകരം കൂടുതൽ പരീക്ഷാകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതുൾപ്പെടെ പരീക്ഷാ നടത്തിപ്പിൽ എൻടിഎയ്ക്ക് കൂടുതൽ നിയന്ത്രണം ഉണ്ടായിരിക്കണമെന്ന് സമിതി റിപ്പോർട്ടിൽ പറയുന്നു.
► നീറ്റ് യുജി പരീക്ഷയെഴുതുന്നതിന് പരിധി ഏർപ്പെടുത്താനും സമിതി നിർദേശിച്ചു. നിലവിൽ ഒരാൾക്ക് എത്രതവണ വേണമെങ്കിലും പരീക്ഷയെഴുതാം. ഇതു തടയണമെന്നാണു സമിതിയുടെ നിർദേശം.