മഹാരാഷ്ട്രയിൽ സീറ്റ് വിഭജനം പൂർത്തിയായി; ബിജെപി 148 സീറ്റിൽ, കോൺഗ്രസ് 103
Wednesday, October 30, 2024 10:59 PM IST
മുംബൈ: മഹാരാഷ്ട്രയിൽ മഹായുതി, മഹാ വികാസ് അഗാഡി സഖ്യങ്ങളിൽ സീറ്റ് വിഭജനം പൂർത്തിയായി. 288 അംഗ നിയമസഭയിലേക്ക് നവംബർ 20നാണ് വോട്ടെടുപ്പ് നടക്കുക.
മഹായുതിക്കു നേതൃത്വം നല്കുന്ന ബിജെപി 148 സീറ്റുകളിൽ മത്സരിക്കുന്നു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന 80 സീറ്റിലും ഉപമുഖ്യമന്ത്രി അജിത് പവാർ നേതൃത്വം നല്കുന്ന എൻസിപി വിഭാഗം 53 സീറ്റിലും ജനവിധി തേടുന്നു. അഞ്ചു സീറ്റ് ചെറുകക്ഷികൾക്കു നല്കി. രണ്ടു സീറ്റുകളുടെ കാര്യത്തിൽ തീരുമാനമായില്ല.
മഹാ വികാസ് അഗാഡിയിൽ 103 സീറ്റിൽ കോൺഗ്രസ് മത്സരിക്കുന്നു. ശിവസേനയ്ക്ക്(ഉദ്ധവ് താക്കറെ) 89 സീറ്റും ശരദ് പവാർ വിഭാഗം എൻസിപിക്ക് 87 സീറ്റും കിട്ടി. ആറു സീറ്റുകൾ ചെറു പാർട്ടികൾക്കു നല്കി. മൂന്നു സീറ്റുകളുടെ കാര്യത്തിൽ വ്യക്തതയായില്ല. ചൊവ്വാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിനമായിരുന്നു.