നവാബ് മാലിക്കിനുവേണ്ടി പ്രചാരണം നടത്തില്ല; മകൾക്കുവേണ്ടി ആകാമെന്നു ബിജെപി
Thursday, October 31, 2024 12:20 AM IST
മുംബൈ: മഹാരാഷ്ട്രയിലെ എൻസിപി (അജിത് പവാർ) സ്ഥാനാർഥി നവാബ് മാലിക്കിനുവേണ്ടി പ്രചാരണം നടത്തില്ലെന്നു വ്യക്തമാക്കി ബിജെപി. അതേസമയം, നവാബിന്റെ മകൾ സനാ മാലിക്കുവേണ്ടി പ്രചാരണം നടത്തുന്നതിൽ പ്രശ്നമില്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധത്തിന്റെ പേരിലാണു ബിജെപിയുടെ എതിർപ്പ്. മൻഖുർദ്-ശിവാജി നഗർ മണ്ഡലത്തിലാണ് നവാബ് മാലിക് മത്സരിക്കുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു നവാബ് മാലിക് പത്രിക സമർപ്പിച്ചത്.
ഉദ്ധവ് താക്കറെ സർക്കാരിൽ മന്ത്രിയായിരുന്ന നവാബ് മാലിക്കിനെ 2022ൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഈ വർഷം ജൂലൈയിലാണ് മാലിക്കിനു ജാമ്യം ലഭിച്ചത്. എൻസിപിയിലെ പിളർപ്പിൽ അജിത് പവാറിനൊപ്പമായിരുന്നു മാലിക്. എന്നാൽ, മാലിക്കിനെ ഒപ്പം കൂട്ടുന്നതിൽ ബിജെപിക്ക് എതിർപ്പുണ്ടായിരുന്നു.
അണുശക്തി നഗർ മണ്ഡലത്തിലാണ് നവാബിന്റെ മകൾ സനാ മാലിക് ജനവിധി തേടുന്നത്. സനയുടെ ആദ്യ തെരഞ്ഞെടുപ്പാണിത്. നവാബ് പലതവണ പ്രതിനിധാനം ചെയ്ത മണ്ഡലമാണ് അണുശക്തി നഗർ.