"ബ്രേക്കിംഗ് ബാഡ്' മാതൃകയിൽ രഹസ്യലാബ് 95 കിലോ മയക്കുമരുന്ന് പിടികൂടി
Wednesday, October 30, 2024 1:56 AM IST
ന്യൂഡൽഹി: ജനപ്രിയ ടെലിവിഷൻ പരന്പരയായ "ബ്രേക്കിംഗ് ബാഡ്’ മാതൃകയിലുള്ള രഹസ്യ മയക്കുമരുന്ന് ലാബ് ഡൽഹിയിൽനിന്നു പിടികൂടി.
ഡൽഹിക്കടുത്തുള്ള ഗൗതം ബുദ്ധ നഗറിൽ പ്രവർത്തിച്ചിരുന്ന രഹസ്യലാബിൽനിന്ന് നൂറു കോടിയോളം രൂപ വിലവരുന്ന 95 കിലോ മെത്താംഫിറ്റമിനാണ് പോലീസ് പിടികൂടിയത്.
സംഭവത്തിൽ തിഹാർ ജയിൽ വാർഡനും ഡൽഹി വ്യവസായിയും അടക്കമുള്ള അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ജലിസ്കോ ന്യൂ ജനറേഷൻ എന്ന മെക്സിക്കൻ മയക്കുമരുന്ന് സംഘമാണ് രഹസ്യലാബിനു പിന്നിലെന്ന് പോലീസ് പറഞ്ഞു.
"ബ്രേക്കിംഗ് ബാഡി' ലേതിനു സമാനമായി രസതന്ത്രജ്ഞനെ നിയമിച്ചാണ് മയക്കുമരുന്ന് ഉത്പാദനം നടത്തിയിരുന്നത്.
മുംബൈ സ്വദേശിയായ രസതന്ത്രജ്ഞനെ ഉത്പാദനത്തിന് ഉപയോഗിച്ചിരുന്ന അസറ്റോണ്‍, റെഡ് ഫോസ്ഫറസ് തുടങ്ങിയ രാസവസ്തുക്കളോടൊപ്പം പിടികൂടിയിട്ടുണ്ട്.
മയക്കുമരുന്നിന്റെ നിലവാരം പരിശോധിച്ചിരുന്നത് മെക്സിക്കൻ മയക്കുമരുന്ന് സംഘത്തിലെ ഒരംഗമായിരുന്നുവെന്നും ഇയാളെ പിടികൂടാനുള്ള അന്വേഷണം നടന്നുവരികയാണെന്നും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അധികൃതർ പറഞ്ഞു.
വലിയ അളവിൽ നിർമിക്കുന്ന രാസമരുന്ന് ഇന്ത്യയിൽ വില്പന നടത്തുന്നതിനൊപ്പം മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നുണ്ടായിരുന്നു. ഈ വർഷം രാജ്യത്തു പിടികൂടുന്ന ആറാമത്തെ മയക്കുമരുന്ന് ലാബാണ് ഡൽഹിയിലേത്.