ഒരു കർഷകനെയും കുടിയിറക്കില്ലെന്നു സിദ്ധരാമയ്യ
Wednesday, October 30, 2024 1:56 AM IST
ബംഗളൂരു: കർണാടകയിലെ വഖഫ് ഭൂമി തർക്കത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഒരു കർഷകനെയും അവരുടെ കൃഷിയിടത്തിൽനിന്ന് ഇറക്കിവിടില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു.
റവന്യു മന്ത്രിയും വ്യവസായ മന്ത്രിയും ഇക്കാര്യം കഴിഞ്ഞ ദിവസം സംയുക്തമായി അറിയിച്ചിരുന്നു. കർഷകർക്കു നോട്ടീസ് നൽകിയിട്ടുണ്ടെങ്കിൽ അതു പിൻവലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യാദ്ഗിർ, ധർവാഡ് ജില്ലകളിലും സമാനമായ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, അത് പരിശോധിക്കാൻ റവന്യു മന്ത്രിയോട് ആവശ്യപ്പെടുമെന്നും ഒരിടത്തും കർഷകരെ കുടിയൊഴിപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കര്‍ഷകർ കൈവശം വച്ചിരിക്കുന്ന 1200 ഏക്കര്‍ ഭൂമിയിൽ വഖഫ് ബോര്‍ഡ് അവകാശമുന്നയിച്ചതിനു പിന്നാലെയാണ് വിവാദം ആരംഭിച്ചത്.