വഖഫ് അവകാശവാദത്തിൽ യാദ്ഗിറിലെ കർഷകരും ഭീതിയിൽ
Wednesday, October 30, 2024 1:56 AM IST
ബംഗളൂരു: വിജയപുര ജില്ലയ്ക്കു പിന്നാലെ കർണാടകയിലെ യാദ്ഗിർ ജില്ലയിലും കർഷകരുടെ ഭൂമിയിൽ അവകാശവാദവുമായി വഖഫ് ബോർഡ്.
ജില്ലയിലെ 20 കർഷകരാണ് പരാതിയുമായി രംഗത്തെത്തിയത്. വാദി-ഗഡാഗ് റെയിൽവേ പാതയ്ക്കായി ഏറ്റെടുത്ത ഭൂമിക്കു റെയിൽവേ നഷ്ടപരിഹാരം നിഷേധിച്ചതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഈ ഭൂമിയിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതാണു നഷ്ടപരിഹാരം നിഷേധിക്കാൻ കാരണമെന്നു വ്യക്തമായത്.
പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കർഷകർ ആവശ്യപ്പെട്ടു. 2020ലാണ് ഈ കർഷകരുടെ ഭൂമി റെയിൽവേ ഏറ്റെടുത്തത്. ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് തങ്ങൾക്ക് വഖഫ് ബോർഡിൽനിന്ന് യാതൊരുവിധ നോട്ടീസും ലഭിച്ചില്ലെന്നും കർഷകർ ചൂണ്ടിക്കാട്ടി.
അതേസമയം, തങ്ങളുടെ കൃഷിഭൂമിയിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതായി ചൂണ്ടിക്കാട്ടി തൊട്ടടുത്ത ജില്ലയായ ധാർവാഡിലെ അപ്പിൻ ബെതാഗെരി ഗ്രാമവാസികളും രംഗത്തെത്തിയിട്ടുണ്ട്.