ബിപിഎൽ സ്ഥാപകൻ ടി.പി.ജി. നമ്പ്യാർ അന്തരിച്ചു
Friday, November 1, 2024 3:08 AM IST
ബംഗളൂരു: പ്രമുഖ മല യാളി വ്യവസായിയും ബിപിഎൽ സ്ഥാപകനുമായ ടി.പി. ഗോപാല്‍ നമ്പ്യാര്‍ (ടി.പി.ജി നമ്പ്യാർ-95) അന്തരിച്ചു. ഇന്നലെ രാവിലെ ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. മുൻ കേന്ദ്രമന്ത്രിയും വ്യവസായപ്രമുഖനുമായ രാജീവ് ചന്ദ്രശേഖർ മരുമകനാണ്.
തലശേരി കോടിയേരിയിലെ രായരപ്പന്‍ നമ്പ്യാരുടെയും ദേവകിയമ്മയുടെയും മകനായി 1929ലായിരുന്നു ജനനം. ലണ്ടനിലെ നാഷണല്‍ കോളജില്‍നിന്ന് എയര്‍കണ്ടീഷനിംഗ് ആന്‍ഡ് റഫ്രിജറേഷനില്‍ ഡിപ്ലോമയെടുത്ത ടി.പി.ജി നമ്പ്യാര്‍, ഏറെക്കാലം ലണ്ടനില്‍ തന്നെ ജോലിചെയ്തു.
യുകെയിലെ പല കമ്പനികളിലും സിസ്റ്റം എന്‍ജിനിയറായി ജോലിചെയ്യുന്നതിനിടെ അമേരിക്കന്‍ റേഡിയേറ്റര്‍ ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് സാനിറ്ററി കോര്പറേഷന് അദ്ദേഹത്തെ പരിശീലന കോഴ്സിനായി തെരഞ്ഞെടുത്തു. പരിശീലനശേഷം അമേരിക്കയില്‍ ആപ്ലിക്കേഷന്‍ എന്‍ജിനിയറായി രണ്ടുവര്‍ഷത്തോളം ജോലിനോക്കി.
പിന്നീട് വീണ്ടും ലണ്ടനിലെത്തി. അവിടെനിന്ന് പഴയ ബോംബെയിലേക്കും. ഈ പരിചയം കൈമുതലാക്കിയാണ് ടി.പി.ജി നമ്പ്യാര്‍ 1962ല്‍ ബിപിഎല്‍ എന്ന ബ്രിട്ടീഷ് ഫിസിക്കല്‍ ലബോറട്ടറീസ് എന്ന കമ്പനി ഏറ്റെടുക്കുന്നത്. പിന്നെ അതു വളര്‍ന്നു.
1963ല്‍ പാലക്കാട്ടാണ് ടി.പി.ജി നമ്പ്യാര്‍ കമ്പനിയുടെ ഫാക്ടറി ആരംഭിച്ചത്. പക്ഷേ പാലക്കാട്ടെ ഫാക്ടറിയിലുണ്ടായ തൊഴിലാളി സമരത്തെത്തുടർന്ന് ബിപിഎല്ലിന്റെ ആസ്ഥാനം ബംഗളൂരുവിലേക്കു മാറ്റി. ഇന്ത്യയിലെ ടെലികമ്മ്യൂണിക്കേഷൻ വ്യവസായത്തിൽ വലിയ കുതിപ്പ് സൃഷ്ടിച്ച സ്ഥാപനമായിരുന്നു ബിപിഎൽ.
തങ്കം നമ്പ്യാരാണ് ടി.പി.ജി. നമ്പ്യാരുടെ ഭാര്യ. മക്കള്‍: അജിത് നമ്പ്യാർ, അഞ്ജു നമ്പ്യാർ. മരുമക്കൾ: രാജീവ്ചന്ദ്രശേഖർ, മീന.