ബിഹാറിൽ വാർധക്യകാല പെൻഷൻ 2000 രൂപയാക്കും: പ്രശാന്ത് കിഷോർ
Thursday, October 31, 2024 12:20 AM IST
പാറ്റ്ന: ബിഹാറിൽ 2025 നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ അറുപതുവയസ് കഴിഞ്ഞവർക്ക് പ്രതിമാസം 2,000 രൂപ പെൻഷൻ നൽകുമെന്ന് ജൻസ്വരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോറിന്റെ വാഗ്ദാനം.
ഉപതെരഞ്ഞെടുപ്പിൽ രാംഗഡിൽനിന്ന് ജനവിധി തേടുന്ന ജൻസ്വരാജ് പ്രതിനിധി സുശീൽ സിംഗ് കുശ്വാഹയുടെ പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിതീഷ് കുമാർ സർക്കാർ പ്രതിമാസം 400 രൂപ മാത്രമാണു വാർധക്യകാല പെൻഷനായി നൽകുന്നത്. അവശ്യവസ്തുക്കളുടെ വില വലിയ തോതിൽ വർധിച്ച സാഹചര്യത്തിൽ ഈ തുക ഏറെ അപര്യാപ്തമാണ്.
ജീവിതമാർഗം കേടി സംസ്ഥാനത്തെ യുവാക്കൾ മറ്റിടങ്ങളിലേക്കു കുടിയേറാൻ നിർബന്ധിതരാവുകയാണ്. ദാരിദ്ര്യം ഇല്ലാതാക്കാനുള്ള പ്രധാനപ്പെട്ടൊരു ഉപകരണമായി വിദ്യാഭ്യാസത്തെ ജൻസ്വരാജ് പാർട്ടി കാണുകയാണ്.
ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലൂടെ യുവാക്കൾക്കു കൂടുതൽ വരുമാനം കണ്ടെത്താൻ കഴിയും. എന്നാൽ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് നിതീഷ് കുമാർ സർക്കാർ ശ്രമിക്കുന്നില്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.