ഭീകരാക്രമണത്തിനിടെ വീരമൃത്യു വരിച്ച "ഫാന്റ’ത്തിന് സൈനിക ബഹുമതികളോടെ വിട
Wednesday, October 30, 2024 10:59 PM IST
ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ അഖ്നൂരില് കഴിഞ്ഞദിവസം ഭീകരരുടെ വെടിയേറ്റു ജീവൻ നഷ്പ്പെട്ട സൈനിക നായ "ഫാന്റ'ത്തിന് സൈനിക ബഹുമതികളോടെ യാത്രാമൊഴി നൽകി കരസേന.
കഴിഞ്ഞ തിങ്കളാഴ്ച സൈനിക ആംബുലൻസിനുനേരെ വെടിയുതിർത്ത ഭീകരരെ തുരത്താൻ സൈന്യം പ്രത്യാക്രമണം നടത്തിയതിനെത്തുടർന്നുണ്ടായ വെടിവയ്പിലാണ് “ഫാന്റ’’ത്തിനു ജീവൻ നഷ്ടപ്പെട്ടത്. സൈന്യത്തിന്റെ വഴികാട്ടിയായിരുന്നു ഈ നായ.
28ന് രാവിലെ ആറരയോടെയാണു സേനയുടെ ആംബുലന്‍സിനുനേരെ ഭീകരാക്രമണമുണ്ടായത്.
സൈനികര്‍ പ്രത്യാക്രമണം നടത്തിയതോടെ ഭീകരര്‍ സമീപത്തെ വനമേഖലയിലേക്ക് രക്ഷപ്പെട്ടു. പിന്നാലെ സൈന്യം ഭീകരര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചു. ഒരു കെട്ടിടത്തിന്റെ നിലവറയില്‍ ഒളിച്ചിരിക്കുന്ന നിലയില്‍ ഭീകരരെ കണ്ടെത്തിയതോടെ വെടിവയ്പ് ആരംഭിച്ചു. ഇതിനിടെയാണു തെരച്ചില്‍ സംഘത്തിന് വഴികാട്ടിയായിരുന്ന"ഫാന്റ' ത്തിനു വെടിയേറ്റത്.
നാലു വയസ് പ്രായമുള്ള ബെൽജിയം മെലിനോയിസ് വിഭാഗത്തിൽപ്പെട്ട നായയായിരുന്നു ഫാന്റം. 2022 ൽ സൈന്യത്തിന്റെ ഭാഗമായ ഫാന്റത്തിന്റെ പരിശീലനം ഉത്തർപ്രദേശിലെ മീററ്റ് റീമൗണ്ട് വെറ്ററിനറി കോറിലായിരുന്നു. ഉധംപുരിൽ സൈനിക ആസ്ഥാനത്താണ് സൈനിക ഉദ്യോഗസ്ഥർ അന്തിമോപചാരം അർപ്പിച്ചത്.
""ഞങ്ങളുടെ ഹീറോ, ധീരനായ നായ ഫാന്റത്തിന്റെ ജീവത്യാഗത്തിന് മുന്നിൽ ഞങ്ങളുടെ ആദരം. നമ്മുടെ സൈന്യം ഭീകരർക്കുനേരേ അടുക്കുന്പോൾ ഫാന്റത്തിന് ശത്രുക്കളുടെ വെടിയേൽക്കുകയായിരുന്നു.
അവന്റെ ധൈര്യവും വിശ്വസ്തതയും സമർപ്പണബോധവും ഞങ്ങൾ ഒരിക്കലും മറക്കില്ല.'' -ഫാന്റത്തിന് അന്ത്യാഭിവാദ്യമർപ്പിച്ച് സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോർ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
ഫാന്റത്തിന്റെ ധീരത ജീവൻ രക്ഷിക്കുന്നതിലും സൈനികദൗത്യം വിജയിപ്പിക്കുന്നതിലും നിർണായ പങ്ക് വഹിച്ചതായും സൈന്യം അറിയിച്ചു.