ആയുഷ്മാൻ ഭാരത്: രജിസ്ട്രേഷൻ ഇങ്ങനെ
Wednesday, October 30, 2024 10:59 PM IST
ന്യൂഡൽഹി: എഴുപതു വയസിനും അതിനു മുകളിലുമുള്ള എല്ലാവരെയും ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം തുടക്കം കുറിച്ചു. കുടുംബത്തിന്റെ വാർഷികവരുമാനം പരിഗണിക്കാതെയാണ് ഈ ആനുകൂല്യം ലഭിക്കുക.
ആനുകൂല്യം ആർക്കൊക്കെ?
►ആയുഷ്മാൻ ഭാരതിലൂടെ രാജ്യത്തെ 4.5 കോടി കുടുംബങ്ങളിലെ ആറു കോടി മുതിർന്ന പൗരന്മാർക്ക് അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും.
ഈ പദ്ധതിയിൽ ഉൾപ്പെടുന്ന അർഹരായ ഗുണഭോക്താക്കൾക്ക് പ്രത്യേക കാർഡ് വിതരണം ചെയ്യും.
►എഴുപതു വയസോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാവർക്കും, വാർഷിക വരുമാനം പരിഗണിക്കാതെ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷ്വറൻസ് ലഭിക്കാൻ അർഹതയുണ്ട്. ഇതിനകം പിഎം-ജെവൈ പരിരക്ഷയുള്ള കുടുംബങ്ങളിലെ മുതിർന്ന പൗരന്മാർക്ക് പ്രത്യേകമായി അഞ്ചു ലക്ഷം രൂപയുടെ കവറേജ് അധികമായി ലഭിക്കും.
►ഒരു കുടുംബത്തിൽ ഒന്നിലധികം മുതിർന്ന പൗരന്മാരുണ്ടെങ്കിൽ പരിരക്ഷ പങ്കുവയ്ക്കും
അപേക്ഷ നൽകേണ്ടതെങ്ങനെ?
►പിഎം-ജെവൈ വെബ്സൈറ്റ് വഴിയോ ആയുഷ്മാൻ ആപ് ഡൗണ്‍ലോഡ് ചെയ്തോ രജിസ്റ്റർ ചെയ്യാം.
► ആയുഷ്മാൻ കാർഡുള്ളവർ വീണ്ടും പുതിയ കാർഡിനായി അപേക്ഷ നൽകുകയും ഇകെവൈസി പൂർത്തീകരിക്കുകയും ചെയ്യേണ്ടതാണ് (ആപ്പിലും വെബ്സൈറ്റിലും ആധാർ കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോണ്‍ നന്പർ ഉപയോഗിച്ച് ഇതു സാധ്യമാക്കാം)
►അടുത്തുള്ള അക്ഷയകേന്ദ്രങ്ങൾ വഴിയും സൗകര്യം ലഭിക്കും
► www.beneficiary.nha.gov.in എന്ന വെബ്സൈറ്റിലൂടെയും രജിസ്റ്റർ ചെയ്യാം.