സീറ്റ് നിഷേധിക്കപ്പെട്ട ശിവസേന എംഎൽഎയെ കാണാനില്ല
Wednesday, October 30, 2024 10:59 PM IST
പാൽഘർ: സീറ്റ് നിഷേധിക്കപ്പെട്ട ശിവസേന എംഎൽഎയെ കാണാനില്ലെന്നു പരാതി. പാൽഘറിലെ സിറ്റിംഗ് എംഎൽഎ ശ്രീനിവാസ് വംഗയെയാണ് കാണാതായത്. എന്നാൽ, കുടുംബാംഗങ്ങൾ പോലീസിൽ പരാതി നല്കിയിട്ടില്ല.
സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് ശ്രീനിവാസ് കടുത്ത മാനസികസംഘർഷത്തിലായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം മുതൽ ഇദ്ദേഹത്തെ ബന്ധപ്പെടാനാകുന്നില്ല. കുടുംബാംഗങ്ങൾ തെരച്ചിൽ നടത്തിയെങ്കിലും എംകണ്ടെത്താനായില്ല.
ഏക്നാഥ് ഷിൻഡെ പക്ഷക്കാരനായിരുന്നു ശ്രീനിവാസ് വംഗ. ശിവസേനയിലെ പിളർപ്പിനിടെ ഷിൻഡെയുടെ പക്ഷത്തു ചേർന്നത് താൻ ചെയ്ത വലിയ തെറ്റായിരുന്നുവെന്നു വംഗ തിങ്കളാഴ്ച മാധ്യമപ്രവർത്തകരോടു പറഞ്ഞിരുന്നു. ഉദ്ധവ് താക്കറെ ദൈവത്തെപ്പോലെയുള്ള ആളാണെന്നും വംഗ പറഞ്ഞു. എംഎൽഎയുടെ വൈകാരിക പ്രകടനം സമൂഹമാധ്യമത്തിലും വാർത്താ ചാനലുകളിലും വൈറലായിരുന്നു.
മുൻ ബിജെപി എംപി ചിന്താമൻ വംഗയുടെ മകനാണ് ശ്രീനിവാസ് വംഗ. 2019ൽ അവിഭക്ത ശിവസേനയുടെ സ്ഥാനാർഥിയായാണ് വിജയിച്ചത്. 2022ൽ ശിവസേനയിലെ പിളർപ്പിൽ ഷിൻഡെ പക്ഷത്തിനൊപ്പം നിന്നു.
പാൽഘർ സീറ്റ് വീണ്ടും തനിക്ക് കിട്ടുമെന്നായിരുന്നു ശ്രീനിവാസ് വംഗ കരുതിയിരുന്നത്. എന്നാൽ മുൻ എംപി രാജേന്ദ്ര ഗാവിതിനാണ് ഷിൻഡെ പക്ഷം സീറ്റ് നല്കിയത്. ഗാവിതും പാർട്ടി പിളർപ്പിൽ ഷിൻഡെയ്ക്കൊപ്പം നിലകൊണ്ട നേതാവാണ്.
ശ്രീനിവാസ് വംഗയുടെ ഭാര്യയുമായി മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ സംസാരിച്ചു. ലെജിസ്ലേറ്റീവ് കൗൺസിൽ സീറ്റിലേക്ക് വംഗയെ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്കിയിട്ടുണ്ട്.