70 കഴിഞ്ഞവർക്ക് ആരോഗ്യ ഇൻഷ്വറൻസിനു തുടക്കമായി
Wednesday, October 30, 2024 1:56 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് പദ്ധതി 70 വയസ് പൂർത്തിയായ എല്ലാ മുതിർന്ന പൗരന്മാർക്കും വ്യാപിപ്പിച്ചു. ഇതോടൊപ്പം ആരോഗ്യമേഖലയിലെ കേന്ദ്രസർക്കാരിന്റെ 12,850 കോടി രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ആരംഭം കുറിച്ചു.
ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കാത്ത പശ്ചിമബംഗാൾ, ഡൽഹി സർക്കാരുകളെ പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു. ഡൽഹിയിലെയും പശ്ചിമബംഗാളിലെയും വയോജനങ്ങളെ സേവിക്കാൻ കഴിയാത്തതിൽ ക്ഷമ ചോദിക്കുന്നതായി മോദി പറഞ്ഞു.
നിങ്ങൾ വിഷമത്തിലാണെന്ന് അറിയാം, പക്ഷേ സഹായിക്കാൻ കഴിയില്ല. കാരണം ഡൽഹിയിലെയും പശ്ചിമബംഗാളിലെയും സർക്കാരുകൾ ഈ പദ്ധതിയിൽ ചേരുന്നില്ല. രാഷ്ട്രീയതാത്പര്യങ്ങൾക്കായി രോഗികളോടു ക്രൂരത കാട്ടുന്ന പ്രവണത മനുഷ്യത്വരഹിതമാണെന്നും തൃണമൂൽ കോണ്ഗ്രസിനെയും ആം ആദ്മി പാർട്ടിയെയും ലക്ഷ്യമിട്ട് മോദി കൂട്ടിച്ചേർത്തു.
ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ, തൊഴിൽ-യുവജനക്ഷേമ മന്ത്രി മൻസൂഖ് മാണ്ഡവ്യ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ആയുർവേദം പകർന്നുതന്നുവെന്നു വിശ്വസിക്കുന്ന ധന്വന്തരിയുടെ ജന്മദിനവും ഒന്പതാം ആയുർവേദ ദിനവും പ്രമാണിച്ചാണ് 70 വയസ് പൂർത്തിയായവർക്കും അതിൽ കൂടുതൽ പ്രായമുള്ളവർക്കും കൂടി ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചത്.
പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (പിഎം-ജെഎവൈ) യുടെ തുടർച്ചയായ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ മുതിർന്ന പൗരന്മാരെക്കൂടി ഉൾപ്പെടുത്തിയതോടെ 70 വയസിൽ കൂടുതലുള്ളവർക്ക് പ്രതിവർഷം അഞ്ചു ലക്ഷം രൂപവരെ ആരോഗ്യ പരിരക്ഷ ലഭിക്കും.
ആയുഷ്മാൻ ഭാരത് പദ്ധതിയിൽ നേരത്തേ ചേർന്നവർക്ക് അഞ്ചു ലക്ഷം രൂപയുടെകൂടി പ്രയോജനം ലഭിക്കും. ആറു കോടിയോളം മുതിർന്ന പൗരന്മാർക്ക് പദ്ധതി പ്രയോജനപ്പെടുത്താനാണു സർക്കാർ ലക്ഷ്യമിടുന്നത്. പിഎം-ജെഎവൈ കാർഡ് 2018ലും ആയുഷ്മാൻ ഭാരത് കാർഡ് 2021 ലുമാണ് പുറത്തിറക്കിയത്.
ആയുർവേദം സംയോജിപ്പിച്ചത് പുതിയ അധ്യായമെന്നു പ്രധാനമന്ത്രി
ആധുനിക വൈദ്യശാസ്ത്രവുമായി സംയോജിപ്പിച്ച ആയുർവേദത്തെക്കുറിച്ചുള്ള അറിവ് ആരോഗ്യമേഖലയിൽ പുതിയ അധ്യായം കുറിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ഈ അധ്യായത്തിന്റെ കേന്ദ്രബിന്ദുവാണെന്നും ഇൻസ്റ്റിറ്റ്യൂട്ടിന്റെ രണ്ടാം ഘട്ട വികസനം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
ആയുർവേദം, മെഡിക്കൽ സയൻസ് മേഖലകളിലെ നൂതന ഗവേഷണ പഠനങ്ങൾക്കൊപ്പം ആധുനിക സാങ്കേതികവിദ്യയിൽ പഞ്ചകർമ പോലെയുള്ള പുരാതന സങ്കേതങ്ങളും ഈ സ്ഥാപനത്തിൽ സന്നിവേശിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ആരോഗ്യം പരമോന്നത സന്പത്തായി കണക്കാക്കപ്പെടുന്ന പുരാതന സങ്കല്പം യോഗയുടെ രൂപത്തിൽ ലോകമെങ്ങും സ്വീകാര്യത നേടുകയാണ്. ആയുർവേദത്തോടു വർധിച്ചുവരുന്ന താത്പര്യം ലോകത്തിന് ഇന്ത്യ നൽകിയ സംഭാവനയുടെ തെളിവാണ്. യുവാക്കൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്ന 900ത്തിലധികം ആയുഷ് സ്റ്റാർട്ടപ്പുകൾ പ്രവർത്തനക്ഷമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
150ത്തിലധികം രാജ്യങ്ങളിൽ ആയുർവേദ ദിവസ് ആഘോഷിക്കുന്നു. അശ്വഗന്ധ, മഞ്ഞൾ, കുരുമുളക് തുടങ്ങിയവ ചേർന്ന പരന്പരാഗത ഔഷധസസ്യങ്ങളെ ശാസ്ത്രീയ പഠനങ്ങളിലൂടെ സാധൂകരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ദീപാവലി ചരിത്രപരമെന്നു മോദി
അയോധ്യയിലെ ശ്രീരാമക്ഷേത്രം ദീപാലങ്കാരങ്ങളാൽ പ്രകാശപൂരിതമാകുമെന്നതിനാൽ ഇത്തവണത്തെ ദീപാവലി ചരിത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വർഷത്തെ ദീപാവലിയിൽ ശ്രീരാമൻ വീണ്ടും തന്റെ വാസസ്ഥലത്തേക്കു മടങ്ങിയെത്തി. ഈ കാത്തിരിപ്പ് 14 വർഷങ്ങൾക്കുശേഷമല്ല, 500 വർഷങ്ങൾക്കുശേഷമാണ് അവസാനിച്ചതെന്നും മോദി കൂട്ടിച്ചേർത്തു.