കോടതിമുറിയിൽ സംഘർഷം; യുപിയിൽ അഭിഭാഷകർക്കു നേരേ പോലീസ് ലാത്തി വീശി
Wednesday, October 30, 2024 1:56 AM IST
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലാ കോടതിയിൽ അഭിഭാഷകരും ജഡ്ജിയും തമ്മിൽ വാക്കേറ്റം.
വിഷയം കൈവിട്ടുപോയതോടെ ജഡ്ജിയെ ആക്രമിക്കാൻ ഇരച്ചെത്തിയ അഭിഭാഷകരെ ഒഴിപ്പിക്കാൻ പോലീസ് കോടതിയുടെ അകത്തളത്തിൽ ലാത്തിച്ചാർജ് നടത്തി.
പോലീസിനു പിന്നാലെ സ്ഥിതി നിയന്ത്രണവിധേയമാക്കാൻ അർധസൈനിക വിഭാഗവും സംഭവസ്ഥലത്തെത്തി. സംഘർഷത്തിന്റെ വീഡിയോദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെയാണു പുറംലോകം അറിഞ്ഞത്.
ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ജഡ്ജിയും അഭിഭാഷകനും തമ്മിൽ വാക്കേറ്റമുണ്ടായതാണ് പ്രശ്നത്തിനു കാരണം. ഹർജി മാറ്റണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ ജഡ്ജി ഇതു നിരസിച്ചതോടെ അഭിഭാഷകൻ പ്രകോപിതനായി. തുടർന്ന് കൂട്ടമായെത്തിയ അഭിഭാഷകർ ജഡ്ജിയെ ആക്രമിക്കാൻ ശ്രമിച്ചതോടെ പോലീസ് ഇടപെടുകയായിരുന്നു. സംഭവത്തെത്തുടർന്ന് കോടതിനടപടികൾ പൂർണമായും സ്തംഭിച്ചു. ലാത്തിച്ചാർജിൽ നിരവധി അഭിഭാഷകർക്ക് പരിക്കേറ്റു.
സ്ഥിതിഗതി ചർച്ച ചെയ്യാൻ ബാർ അസോസിയേഷൻ യോഗം വിളിച്ചിട്ടുണ്ട്. അതേസമയം, സിസിടിവി പരിശോധിച്ച് കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ഗാസിയാബാദ് അഡീഷണൽ പോലീസ് കമ്മീഷണർ ദിനേശ് കുമാർ പറഞ്ഞു.