അതിർത്തിയിലെ സേനാ പിന്മാറ്റം പൂർത്തിയായി
Thursday, October 31, 2024 12:54 AM IST
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖ (എൽഎസി) യിൽനിന്ന് ഇന്ത്യയുടെയും ചൈനയുടെയും സേനാ പിന്മാറ്റം പൂർത്തിയായി. എൽഎസിയിലെ നിർണായക സൈനിക പോയിന്റുകളായ ഡെപ്സംഗ്, ഡെംചോക് പ്രദേശങ്ങളിൽനിന്ന് ഇരുരാജ്യങ്ങളുടെയും പിന്മാറ്റം പൂർത്തിയായെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു.
പിന്മാറ്റം പൂർത്തിയായതിന്റെ സ്ഥിരീകരണം ഔദ്യോഗികമാകുന്നതോടെ പട്രോളിംഗ് ഉടൻ പുനരാരംഭിക്കാനാണു ധാരണ. ദീപാവലിയോടനുബന്ധിച്ച് ഇരുരാജ്യങ്ങളിലെയും സൈനികർ പരസ്പരം മധുരപലഹാരങ്ങൾ കൈമാറുമെന്നും ഇന്ത്യൻ സൈന്യം അറിയിച്ചു.
ഇരു രാജ്യങ്ങളും എൽഎസിയിൽ നിർമിച്ച താത്കാലിക സൈനികനിർമിതികൾ പൊളിച്ചുമാറ്റിയെന്ന് സ്ഥിരീകരിച്ചതിനുശേഷം നേരത്തെ തീരുമാനിച്ച പട്രോളിംഗ് പ്രോട്ടോകോളുകളിലേക്ക് ഇന്ത്യയും ചൈനയും തിരികെപ്പോകും. 2020ലെ ഗാൽവാൻ താഴ്വര സംഘർഷത്തിനുശേഷമാണ് അതിർത്തിയിലെ സംഘർഷങ്ങൾ രൂക്ഷമായത്.
അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിച്ച് സംഘർഷത്തിന ു മുന്‍പുള്ള സ്ഥിതിയിലേക്കു നീങ്ങാനാണ് ഇരു രാജ്യങ്ങളുടെയും ധാരണ.
അതേസമയം, കിഴക്കൻ ലഡാക്കിൽനിന്നു സൈനികരെ പിൻവലിക്കാൻ ഇന്ത്യയും ചൈനയും തീരുമാനിച്ചത് സ്വാഗതാർഹമാണെന്ന് അമേരിക്ക വ്യക്തമാക്കി.
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിസംഘർഷം പരിഹരിക്കുന്നതിൽ തങ്ങൾ ഒരു പങ്കും വഹിച്ചിട്ടില്ലെന്നും അമേരിക്കൻ വിദേശകാര്യ വക്താവ് വ്യക്തമാക്കി.
ഇരു രാജ്യങ്ങളും സുപ്രധാനമായ ധാരണയിലെത്തിയതായി സംഭവവികാസത്തെക്കുറിച്ച് ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ സൂ ഫെയ്ഹോംഗ് പ്രതികരിച്ചു. റഷ്യയില്‍ കഴിഞ്ഞയാഴ്ച നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗും പ്രധാനമന്ത്രി നരേന്ദ്രമോദിയും സുപ്രധാന കൂടിക്കാഴ്ച നടത്തി.
സൈനികരെ പിന്‍വലിച്ചതോടെ അത് സുപ്രധാന ധാരണയായി മാറി. ഇനി ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗരേഖകള്‍ ഇരു നേതാക്കളും തയാറാക്കുമെന്നും ചൈനീസ് അംബാസഡര്‍ അഭിപ്രായപ്പെട്ടു.
2020 മേയിലാണ് ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ മേഖലയില്‍ മുഖാമുഖം എത്തിയത്. ഒരുമാസത്തിനുശേഷം ഗാല്‍വനില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. ചൈനീസ് ഭാഗത്തും വലിയ ആള്‍നാശമുണ്ടായി.
കണക്കുകള്‍ ചൈന ഇതുവരെ പുറത്തുവിട്ടിട്ടില്ല. തുടര്‍ന്ന് സൈനിക തലത്തില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകളിലൂടെയാണ് സംഘര്‍ഷം ലഘൂകരിച്ചത്.