പുതിയ ട്രായ് നയം വൈകും
Wednesday, October 30, 2024 1:56 AM IST
ന്യൂഡൽഹി: വ്യാജ ഫോണ് കോളുകളും മെസേജുകളും തടയുന്നതിന് ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നടപ്പിലാക്കുന്ന പുതിയ നയം പ്രാബല്യത്തിൽ വരാൻ വൈകും.
നവംബർ ഒന്നുമുതൽ നടപ്പിലാകുമെന്നാണു പ്രഖ്യാപിച്ചിരുന്നതെങ്കിലും നയത്തിൽ കൂടുതൽ കൂട്ടിച്ചേർക്കലുകൾ ആവശ്യമാണെന്നതിനാലാണു സമയപരിധി നീട്ടിയതെന്ന് ട്രായ് ചെയർമാൻ അനിൽ കുമാർ ലഹോട്ടി പറഞ്ഞു.
അനാവശ്യ കോളുകളും എസ്എംഎസുകളും തടയാൻ ടെലിമാർക്കറ്റിംഗ് സന്ദേശങ്ങൾ നവംബർ ഒന്നുമുതൽ ട്രേസ് ചെയ്യാവുന്ന തരത്തിലായിരിക്കണമെന്ന് ഓഗസ്റ്റിലാണ് ട്രായ് ഉത്തരവിട്ടത്.
എന്നാൽ, ആവശ്യത്തിനു സമയം ലഭിക്കാതെ പെട്ടെന്നു നടപ്പിലാക്കിയാൽ വ്യാപകമായുള്ള മെസേജ് ബ്ലോക്കുകൾക്ക് കാരണമാകുമെന്നും ഇതു വിവിധ ബാങ്കുകളുടെയും ബിസിനസുകളുടെയും പ്രവർത്തനത്തെ ബാധിക്കുമെന്നും ടെലികോം കന്പനികൾ മുന്നറിയിപ്പു നൽകിയിരുന്നു.
പുതിയ നയത്തിന്റെ അന്തിമരൂപം ജനുവരിയോടെ പൂർത്തിയാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് അനിൽ കുമാർ പറഞ്ഞു.