"ഡിജിറ്റൽ അറസ്റ്റ്' തടയാൻ ഉന്നതതല സമിതി
Thursday, October 31, 2024 12:54 AM IST
ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റടക്കമുള്ള ഓണ്‍ലൈൻ തട്ടിപ്പുകൾ തടയാൻ ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. തട്ടിപ്പുകാർക്കെതിരേ അടിയന്തര നടപടികളെടുക്കാൻ നിയോഗിക്കപ്പെട്ട സമിതിയുടെ മേൽനോട്ടം ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്റേണൽ സെക്യൂരിറ്റി സെക്രട്ടറിക്കാണ്.
ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള 14-സി എന്നറിയപ്പെടുന്ന സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റർ രാജ്യത്തെ എല്ലാം സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും പോലീസ് മേധാവികളെ സമിതിയുടെ രൂപീകരണത്തെപ്പറ്റി അറിയിച്ചിട്ടുണ്ട്.
ഈ വർഷം രാജ്യത്ത് ആറായിരത്തിലധികം ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ രജിസ്റ്റർ ചെയ്തതിന്റെ പശ്ചാത്തലത്തിലാണു കേന്ദ്രത്തിന്റെ നീക്കം. തട്ടിപ്പുമായി ബന്ധമുള്ള ആറു ലക്ഷം മൊബൈൽ നന്പറുകളും 709 മൊബൈൽ ആപ്പുകളും 14-സി ബ്ലോക്ക് ചെയ്തിരുന്നു.
രാജ്യത്ത് ഒരു അന്വേഷണ ഏജൻസിയും ഓണ്‍ലൈനായി അറസ്റ്റ് രേഖപ്പെടുത്താറില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകാർക്കെതിരേ ജാഗ്രത പാലിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റേഡിയോ പരിപാടിയായ “മൻ കീ ബാത്തി’’ലൂടെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.