ക്വിറ്റ് ഇന്ത്യ സമരത്തെ എതിർത്തവരുടെ പിന്മുറക്കാർ പട്ടേലിന്റെ പാരന്പര്യം തട്ടിയെടുക്കുന്നു: കോണ്‍ഗ്രസ്
Friday, November 1, 2024 3:08 AM IST
ന്യൂഡൽഹി: സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ ജന്മദിനാഘോഷത്തിൽ ബിജെപിക്കെതിരേ വിമർശനവുമായി കോണ്‍ഗ്രസ്. പട്ടേലിന്റെ പൈതൃകം കോണ്‍ഗ്രസുകാർ അവഗണിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആരോപിച്ചതിനു പിന്നാലെയാണ് ബിജെപിക്കെതിരേ വിമർശനവുമായി കോണ്‍ഗ്രസ് നേതാക്കൾ രംഗത്തെത്തിയത്.
പട്ടേൽ രാജ്യത്തിന്റെ ചരിത്രത്തിലെ മരണമില്ലാത്ത അധ്യായമാണെന്നും അദ്ദേഹം ഒരു ധീരനായ കോണ്‍ഗ്രസുകാരനായിരുന്നുവെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.
ക്വിറ്റ് ഇന്ത്യ സമരത്തെയും ഭരണഘടനയെയും എതിർത്ത ആദർശവാദികളുടെ ശിഷ്യന്മാരാണ് ഇപ്പോൾ പട്ടേലിന്റെ പാരന്പര്യം തട്ടിയെടുക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഗുജറാത്തിലെ ഗോധ്രയിൽ പട്ടേലിന്റെ പ്രതിമ സ്ഥാപിച്ചത് അവിടത്തെ പ്രാദേശിക കോണ്‍ഗ്രസുകാരാണെന്നും അത് ഉദ്ഘാടനം ചെയ്തത് ജവഹർലാൽ നെഹ്റുവാണെന്നും ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
സർദാർ പട്ടേൽ സംഘികളെ നിലയ്ക്കു നിർത്തിയിരുന്ന വ്യക്തിയാണെന്നും ഇന്ന് എല്ലാ സംഘികളും ഈ കോണ്‍ഗ്രസുകാരനെ വന്ദിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു.
മുന്‍പ് ഇതേ സംഘികൾ പട്ടേലിനെതിരേയുള്ള ബുക്കുകൾ വിതരണം ചെയ്തെ ന്നും പവൻ ഖേര ചൂണ്ടിക്കാട്ടി. അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ സർദാർ പട്ടേലിനെ അനുസ്മരിച്ചു.