എസ്ബിഐ ബാങ്കിൽ കവർച്ച ; 13 കോടി രൂപയുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടു
Thursday, October 31, 2024 12:20 AM IST
ബംഗളൂരു: എസ്ബിഐയുടെ കർണാടകയിലെ ദാവൻഗെരെ ജില്ലയിലുള്ള ന്യാമതി ഗ്രാമത്തിലെ ശാഖയില്‍ വൻ മോഷണം. ബാങ്കിന്റെ ലോക്കറുകളിൽ സൂക്ഷിച്ചിരുന്ന 12.95 കോടി രൂപയുടെ ആഭരണങ്ങൾ കവർന്നു. 509 ഉപഭോക്താക്കളുടെ സ്വർണമാണു മോഷണം പോയതെന്ന് അധികൃതർ പറയുന്നു.
വായ്പയായി പണയപ്പെടുത്തി ലോക്കറുകളില്‍ സൂക്ഷിച്ചിരുന്ന സ്വർണം ഉള്‍പ്പെടെയാണു മോഷണം പോയത്. 932 പേർ ബാങ്കില്‍ സ്വർണം പണയം വച്ച് വായ്പയെടുത്തിട്ടുണ്ട്. 17.705 കിലോ സ്വർണം വരുമിത്. ഇതില്‍ 509 ഉപഭോക്താക്കളുടെ സ്വർണമാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്.
ബാങ്ക് അവധിയായിരുന്ന കഴിഞ്ഞ 25നോ, 26നോ ആണു മോഷണം നടന്നതെന്നാണു പ്രാഥമിക നിഗമനം. ബാങ്കിനോടു ചേർന്നുള്ള ജനല്‍ വഴിയാണ് മോഷ്ടാക്കള്‍ ബാങ്കിന്റെ ഉള്ളില്‍ കടന്നത്. മൂന്ന് ലോക്കർ വാതിലുകള്‍ ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ചു തകർക്കാൻ ശ്രമിച്ചെങ്കിലും ഒരെണ്ണം മാത്രമാണു തുറക്കാൻ സാധിച്ചത്.
സിസിടിവികളും ഡിജിറ്റല്‍ വീഡിയോ റിക്കോർഡിംഗും പ്രവർത്തനരഹിതമാക്കിയശേഷമാണ് മോഷണം നടത്തിയതെന്ന് പോലീസ് പറയുന്നു. പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് വ്യാപക അന്വേഷണം നടത്തിവരികയാണ്.