ബംഗളൂരുവിലെ ചികിത്സയ്ക്കു ശേഷം ചാൾസ് രാജാവ് മടങ്ങി
Wednesday, October 30, 2024 10:59 PM IST
ബംഗളൂരു: ആയുർവേദ ചികിത്സയ്ക്കായി ബംഗളൂരുവിലെത്തിയ ബ്രിട്ടനിലെ ചാൾസ് രാജാവും ഭാര്യ കാമിലയും മടങ്ങി. വൈറ്റ് ഫീല്ഡിനടുത്ത സെയിംതനഹള്ളിയിലെ സൗഖ്യ ഹെല്‍ത്ത് ആൻഡ് വെൽനസ് സെന്ററിലായിരുന്നു ഇവരുടെ സുഖചികിത്സ.
സമോവയിൽ നടന്ന കോമൺവെൽത്ത് രാജ്യത്തലവന്മാരുടെ സമ്മേളനത്തിനുശേഷം ചാൾസ് രാജാവും ഭാര്യയും നേരിട്ട് കഴിഞ്ഞ 26ന് ബംഗളൂരുവിലെത്തുകയായിരുന്നു. ചാള്‍സ് രാജാവ് നേരത്തേ ഒമ്പതു തവണ സൗഖ്യയിൽ ചികിത്സയ്ക്കെത്തിയിട്ടുണ്ട്.
വിവിഐപിയുടെ സാന്നിധ്യം പരിഗണിച്ച് സൗഖ്യ വെല്‍നസ് സെന്ററിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. 2019ൽ ചാൾസ് തന്റെ 71-ാം ജന്മദിനം ആഘോഷിച്ചത് ഇവിടെവച്ചായിരുന്നു. മലയാളിയായ ഡോ. ഐസക് മത്തായിയുടെ ഉടമസ്ഥതയിലുള്ളതാണ് സൗഖ്യ.
വർഷങ്ങളായി ചാൾസ് രാജാവ് ആയുർവേദത്തിന്റെ ശക്തനായ പ്രചാരകനാണ്. 2018 ഏപ്രിലിൽ പ്രധാനമന്ത്രി മോദിയുടെ യുകെ സന്ദർശനത്തിനിടെ ചാൾസ് രാജാവിനൊപ്പം ലണ്ടനിലെ സയൻസ് മ്യൂസിയത്തിൽ ആയുർവേദിക് സെന്റർ ഓഫ് എക്സലൻസ് ഉദ്ഘാടനം ചെയ്തിരുന്നു.