കള്ളപ്പണം: ജാർഖണ്ഡ് മന്ത്രി ഇഡിയുടെ പിടിയിൽ
Thursday, May 16, 2024 1:27 AM IST
റാഞ്ചി: കള്ളപ്പണം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിൽ ജാർഖണ്ഡ് ഗ്രാമീണ വികസന മന്ത്രിയും കോൺഗ്രസ് നേതാവുമായ ആലംഗീർ ആലമിനെ ഇഡി അറസ്റ്റ് ചെയ്തു.
റാഞ്ചിയിലെ സോണൽ ഓഫീസിൽ രണ്ടുദിവസമായി തുടർന്ന ചോദ്യംചെയ്യലിനുശേഷം ഇന്നലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 70 കാരനായ ആലമിനെ ചൊവ്വാഴ്ച ഒന്പതു മണിക്കൂറിലേറെ ചോദ്യംചെയ്ത് ഇഡി സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു.
ആലമിനു ബന്ധമുള്ള ഒരു ഫ്ളാറ്റിൽനിന്ന് നേരത്തേ 32 കോടിയിലേറെ രൂപ പിടിച്ചെടുത്തിരുന്നു. ഇതേത്തുടർന്ന് മന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി സഞ്ജീവ് കുമാർ ലാൽ, വീട്ടുജോലിക്കാരൻ ജഹാംഗിർ ആലം എന്നിവരെ ഇഡി അറസ്റ്റ് ചെയ്തു. ഗ്രാമീണ വികസന വകുപ്പിൽ നടന്ന അഴിമതിയും കൈക്കൂലിയുമാണ് പണത്തിന്റെ ഉറവിടമെന്നാണ് അന്വേഷണസംഘം പറയുന്നത്.