ചൈനീസ് ഇടപെടൽ ആരോപിച്ച് അറസ്റ്റ്; സുപ്രീംകോടതി വിധി കേന്ദ്രസർക്കാരിനു തിരിച്ചടി
Thursday, May 16, 2024 1:27 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന മാധ്യമങ്ങളെ ഇല്ലാതാക്കാൻ പൊതുതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കേന്ദ്രസർക്കാർ നടത്തിയ പദ്ധതിയുടെ ഭാഗമായിരുന്നു ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്ററുമായ പ്രബീർ പുരകായസ്തയുടെ അറസ്റ്റ്.
ചൈനീസ് ഫണ്ടിംഗ് സ്വീകരിച്ച് 2019 ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു, കാഷ്മീരും അരുണാചൽപ്രദേശുമില്ലാത്ത ഭൂപടം പ്രസിദ്ധീകരിച്ച് ഇന്ത്യയെ അപകീർത്തിപ്പെടുത്തി എന്നീ ആരോപണങ്ങളാണ് ന്യൂസ് ക്ലിക്കിനെതിരേയുള്ളത്.
2023 ഒക്ടോബർ മൂന്നിന് പ്രബീർ പുരകായസ്തയെയും ന്യൂസ്ക്ലിക്ക് എച്ച്ആർ വിഭാഗം മേധാവി അമിത് ചക്രവർത്തിയെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടൊപ്പം ന്യൂഡൽഹിയിലെ ന്യൂസ്ക്ലിക്ക് ഓഫീസിൽനിന്ന് കംപ്യൂട്ടറുകളും ജീവനക്കാരുടെയടക്കം ലാപ്ടോപ്പുകളും മൊബൈൽഫോണുകളും പോലീസ് പിടിച്ചെടുത്തു.
പ്രബീർ പുരകായസ്ത ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ വ്യവസായി നെവിൽ റോയ് സിംഘവുമായി നിരവധി ഇ-മെയിലുകൾ കൈമാറിയിട്ടുണ്ടെന്നും മൂന്നു ചൈനീസ് സ്ഥാപനങ്ങളിൽനിന്ന് ന്യൂസ്ക്ലിക്ക് ഫണ്ട് സ്വീകരിച്ചിട്ടുണ്ടെന്നും ഡൽഹി പോലീസ് പട്യാല ഹൗസ് കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഷാങ്ഹായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നെവിൽ റോയിയുടെ സ്റ്റാർസ്ട്രീം കന്പനിയിലെ ചൈനീസ് ജീവനക്കാരനുമായും പുരകായസ്തയ്ക്കു ബന്ധമുണ്ട്, കാഷ്മീർ, അരുണാചൽപ്രദേശ് എന്നിവ ഒഴിവാക്കിയ ഇന്ത്യയുടെ ഭൂപടം പ്രസിദ്ധീകരിക്കുന്നതു സംബന്ധിച്ചും തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതു സംബന്ധിച്ചും ഇവർ ഇ-മെയിലുകൾ കൈമാറിയിട്ടുണ്ട്, ഇന്ത്യയിൽ അസ്വസ്ഥത സൃഷ്ടിക്കുകയാണ് ലക്ഷ്യം എന്നിവയായിരുന്നു ആരോപണങ്ങൾ.
കോവിഡ് മഹാമാരിയെ കേന്ദ്രസർക്കാർ നേരിട്ടതിനെയും ന്യൂസ്ക്ലിക്ക് വിമർശിച്ചിരുന്നു. എന്നാൽ, കോവിഡുയുമായി ബന്ധപ്പെട്ട് വ്യാജവാർത്തകളാണ് ന്യൂസ് ക്ലിക്ക് പ്രസിദ്ധീകരിച്ചതെന്നും ഡൽഹി പോലീസ് കോടതിയിൽ പറഞ്ഞു. ജാമ്യത്തിനായി പുരകായസ്ത ഹൈക്കോടതിയെ സമീപിച്ചെങ്കിലും തള്ളി. ഇതോടെയാണ് ഇദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്.
മുതിർന്ന അഭിഭാഷകനായ കപിൽ സിബലാണ് പുരകായസ്തയ്ക്കുവേണ്ടി വാദിച്ചത്. ഡൽഹി പോലീസിനുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിന്റെ നേതൃത്വത്തിൽ ശക്തമായ വാദവും നടന്നു.