കോണ്ഗ്രസ് മുസ്ലിം സംവരണത്തിനു ശ്രമിക്കുന്നുവെന്ന് ആരോപണവുമായി മോദി
Thursday, May 16, 2024 1:27 AM IST
നാസിക്: ന്യൂനപക്ഷങ്ങൾക്കായി കേന്ദ്ര ബജറ്റിന്റെ 15 ശതമാനം വിനിയോഗിക്കാൻ കോണ്ഗ്രസ് ശ്രമിച്ചെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്കൻ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദേഹം.
ഭരണഘടനയുടെ മുഖ്യശില്പിയായ ഡോ. അംബേദ്കർ ജോലിയിലും വിദ്യാഭ്യാസത്തിലും മതപരമായ സംവരണത്തിന് എതിരായിരുന്നു. കേന്ദ്രത്തിൽ കോണ്ഗ്രസ് അധികാരത്തിലിരുന്നപ്പോൾ മൊത്തം ബജറ്റിന്റെ 15 ശതമാനം ന്യൂനപക്ഷങ്ങൾക്കായി നീക്കിവയ്ക്കാൻ പദ്ധതി തയാറാക്കിയിരുന്നുവെന്ന് മോദി ആരോപിച്ചു. ബിജെപി ഈ നീക്കത്തെ ശക്തമായി എതിർത്തു. അതിനാൽ ഇത് നടപ്പിലാക്കാൻ കഴിഞ്ഞില്ലെന്നും അദേഹം പറഞ്ഞു.
എസ്സി, എസ്ടി, ഒബിസികളുടെ സംവരണാവകാശങ്ങൾ എടുത്തുകളഞ്ഞ് മുസ്ലിംകൾക്ക് നൽകാനാണ് കോണ്ഗ്രസ് ശ്രമിക്കുന്നതെന്ന ആരോപണം മോദി ആവർത്തിച്ചു.
കഴിഞ്ഞ 10 വർഷത്തിനിടയിൽ കേന്ദ്ര സർക്കാർ മതം നോക്കാതെ സൗജന്യ റേഷൻ, വെള്ളം, വൈദ്യുതി, വീടുകൾ, ഗ്യാസ് കണക്ഷനുകൾ എന്നിവ നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.