പാക് അധീന കാഷ്മീർ ഇന്ത്യയുടെ ഭാഗം, തിരിച്ചുപിടിക്കും: അമിത് ഷാ
Thursday, May 16, 2024 1:27 AM IST
സെറാംപുർ: പാക് അധിനിവേശ കാഷ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അതു തിരിച്ചുപിടിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളിലെ സെറാംപുരിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടനയുടെ 370 വകുപ്പ് റദ്ദാക്കിയതോടെ കാഷ്മീരിൽ സമാധാനം കൈവന്നു. ഇപ്പോൾ പാക് അധിനിവേശ കാഷ്മീരിലാണ് പ്രതിഷേധങ്ങൾ കാണാനാകുന്നത്. നേരത്തേ കാഷ്മീരിൽ ആസാദി മുദ്രാവാക്യം മുഴങ്ങിയിരുന്നു. ഇപ്പോഴത് പാക് അധിനിവേശ കാഷ്മീരിലാണുള്ളത്. നേരത്തേ കാഷ്മീരിൽ കല്ലേറ് നടന്നിരുന്നു. ഇപ്പോൾ കല്ലേറുണ്ടാകുന്നത് പാക് അധിനിവേശ കാഷ്മീരിലാണ്.
ആറ്റംബോംബുള്ളതുകൊണ്ട് പാക്കിസ്ഥാനെ പേടിക്കണമെന്നാണ് മണിശങ്കർ അയ്യരെപ്പോലെയുള്ള കോൺഗ്രസ് നേതാക്കൾ പറയുന്നത്. പാക് അധിനിവേശ കാഷ്മീർ ഇന്ത്യയുടെ ഭാഗമാണ്. അതു തിരിച്ചുപിടിക്കും-അമിത് ഷാ പറഞ്ഞു.