കുടുംബം ആത്മീയജീവിതത്തിന്റെ അടിത്തറ: ജസ്റീസ് പയസ് സി. കുര്യാക്കോസ്
കുടുംബം ആത്മീയജീവിതത്തിന്റെ അടിത്തറ: ജസ്റീസ് പയസ് സി. കുര്യാക്കോസ്
Tuesday, May 21, 2013 12:10 AM IST
മണിമല: ആത്മീയ ജീവിതത്തിന്റെ അടിത്തറ ദൈവവിശ്വാസത്തില്‍ അധിഷ്ഠിതമായ കുടുംബങ്ങളാണെന്നു സിക്കിം ഹൈക്കോടതി ചീഫ് ജസ്റീസ് പയസ് സി. കുര്യാക്കോസ്. കുടുംബബന്ധങ്ങളുടെയും പരസ്പര വിശ്വാസങ്ങളുടെയും തകര്‍ച്ചയാണ് എല്ലാ തലങ്ങളിലെയും അസമാധാനത്തിനു കാരണമായിരിക്കുന്നത്. ധാര്‍മികതയിലും സ്നേഹത്തിലും ബഹുമാനത്തിലും ദൃഢമായിരുന്ന പഴയ കുടുംബസംവിധാനം നഷ്ടമായിക്കൊണ്ടിരിക്കുന്നു. മണിമല ഹോളി മാഗി ഫൊറാനാ പള്ളി അങ്കണത്തില്‍ നടന്ന 126-ാം ചങ്ങനാശേരി അതിരൂപതാദിനാചരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ജസ്റീസ് പയസ് കുര്യാക്കോസ്.

സാഹോദര്യത്തിലും മതസൌഹാര്‍ദതയിലും അടിസ്ഥാനമാക്കിയാണ് സഭ പ്രവര്‍ത്തിക്കുന്നതും പ്രഘോഷിക്കുന്നതുമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ബോധിപ്പിച്ചു. രാജ്യം സാങ്കേതിക വികസനത്തിന്റെ പാതയിലാണെങ്കിലും ദരിദ്രരുടെയും ഭവനരഹിതരുടെയും എണ്ണത്തില്‍ കുറവുണ്ടാകുന്നില്ലെന്നത് ആശങ്കയോടെ മാത്രമെ നോക്കിക്കാണാനാകൂ. ലഹരിയും ആഡംബരവും വലിയ തിന്മകളായി മാറിയിരിക്കുന്നു. മാധ്യമങ്ങളാണ് ലോകത്തെ നയിക്കുന്നത്. എന്നാല്‍ മാധ്യമങ്ങളുടെ ദുസ്വാധീനത്തില്‍ വീഴാതിരിക്കാനുള്ള തിരിച്ചറിവ് ഏവരിലും ഉണ്ടാവണം. കുടുംബസംവിധാനത്തിലെ വീഴ്ചകള്‍മൂലം കേരളത്തില്‍ ക്രൈസ്തവകുടുംബങ്ങളില്‍ അംഗസംഖ്യ അതിവേഗം കുറഞ്ഞുവരികയാണ്. ഈ തോത് തുടര്‍ന്നാല്‍ ക്രൈസ്തവജനതതിയുടെ സാന്നിധ്യം തന്നെ കേരളത്തില്‍ ഇല്ലാതാകുന്ന കാലം വിദൂരമല്ലെന്നും മാര്‍ പെരുന്തോട്ടം കൂട്ടിച്ചേര്‍ത്തു.

ലോകം അഭിമുഖീകരിക്കുന്ന അന്ധകാരത്തില്‍ പ്രകാശമായി മാറാനുള്ള ദൌത്യമാണു ക്രൈസ്തവര്‍ക്കുള്ളതെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ ഉദ്ബോധിപ്പിച്ചു. എല്ലാ മേഖലകളിലും സത്യസന്ധതയും പരസ്പര വിശ്വാസവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ധാര്‍മികതയിലും നീതിബോധത്തിലും അടിസ്ഥാനമായ ജീവിതം വിശ്വാസികള്‍ നയിക്കണം. ദരിദ്രരോടും അനാഥരോടും പക്ഷം ചേരുകയെന്നത് ഇക്കാലത്തെ ഏറ്റവും പ്രധാന സഭാദൌത്യമാണെന്നും അദ്ദേഹം പറഞ്ഞു.


തക്കല ഉള്‍പ്പെടുന്ന ഒട്ടേറെ മിഷന്‍ പ്രദേശങ്ങളുടെ വികസനത്തിനു ചങ്ങനാശേരി അതിരൂപതയും ഇവിടെനിന്നുള്ള മിഷനറിമാരും അര്‍പ്പിക്കുന്ന സേവനങ്ങള്‍ ഏറെ വിലപ്പെട്ടതാണെന്നു മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ അനുസ്മരിച്ചു. സിഞ്ചെല്ലൂസ് റവ.ഡോ. ജോണ്‍ തടത്തില്‍, കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറ അനുസ്മരണം നടത്തി. മല്പാന്‍ മോണ്‍. മാത്യു വെള്ളാനിക്കല്‍, സഭാതാരം പ്രഫ. കെ.ടി. സെബാസ്റ്യന്‍ എന്നിവരെ ആദരിച്ചു. പ്രഫ.മാത്യു ഉലകംതറയ്ക്ക് ഷെവലിയാര്‍ ഐ.സി. ചാക്കോ പുരസ്കാരവും സമ്മാനിച്ചു.

ചാന്‍സിലര്‍ റവ.ഡോ. ടോം പുത്തന്‍കളം റിപ്പോര്‍ട്ടും പ്രോട്ടോ സിഞ്ചെള്ളൂസ് റവ.ഡോ. ജോസഫ് മുണ്ടകത്തില്‍ അജപാലന പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സിസ്റര്‍ സുമ റോസ് സിഎംസി, ബിഷപ് ഡോ. ജോസഫ് പതാലില്‍, പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി അഡ്വ. ജോജി ചിറയില്‍, റവ.ഡോ. ജയിംസ് പാലയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. മണിമല ഫൊറോനാ വികാരി ഫാ. ആന്റണി നിരയത്ത് സ്വാഗതവും കണ്‍വീനര്‍ റവ.ഡോ. ജോബി കറുകപ്പറമ്പില്‍ കൃതജ്ഞതയും പറഞ്ഞു.15 ഫൊറോനകളിലെ 201 ഇടവകകളില്‍നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കുചേര്‍ന്നു. അടുത്ത അതിരൂപതാദിനം കൊല്ലം ആയൂര്‍ ഫൊറോനായില്‍ നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.