ഹെലികോപ്റ്റർ വാടക 83.8 ലക്ഷം കൂടി അനുവദിച്ചു
Sunday, January 19, 2025 2:55 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്രകൾക്ക് അടക്കം സംസ്ഥാന സർക്കാർ വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററിന് 83.80 ലക്ഷം രൂപ അനുവദിച്ചു.
നിത്യചെലവുകൾ പോലും പ്രതിസന്ധിയിലായിരിക്കേ തുടർച്ചയായി കടമെടുത്തു മുന്നോട്ടു പോകുന്നതിനിടെയാണ് സംസ്ഥാന പോലീസ് മേധാവി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി ഹെലികോപ്റ്ററിന് വാടകത്തുക ധനവകുപ്പ് അനുവദിച്ചത്.
ഹെലികോപ്റ്റർ വാടക ആവശ്യപ്പെട്ട് പോലീസ് മേധാവി ഡിസംബർ ആറിനാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകിയത്. 2024 നവംബറിലെ ഹെലികോപ്റ്റർ വാടക കുടിശികയാണ് അനുവദിച്ചത്. പ്രതിമാസം 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് വാടക. പിന്നിട്ടുള്ള ഓരോ മണിക്കൂറിനും 90,000 രൂപ വീതം വാടക ഇനത്തിൽ നൽകണം.
പോലീസിനു വേണ്ടിയാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നതെന്നു പറയുന്നുണ്ടെങ്കിലും പോലീസിന്റെ ഏത് ആവശ്യത്തിനാണ് ഉപയോഗിക്കുന്നതെന്നു സർക്കാർ വ്യക്തമാക്കിയിട്ടില്ല. വയനാട് ദുരന്ത രക്ഷാപ്രവർത്തനത്തിന് അടക്കം വാടക ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടില്ലെന്നാണു വിവരം.
മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രകൾക്കാണ് ഹെലികോപ്റ്റർ ഉപയോഗിക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. എന്നാൽ ഹെലികോപ്റ്ററിലെ യാത്രകൾ സംബന്ധിച്ച നിയമസഭയിലെ ചോദ്യങ്ങൾക്ക് ആഭ്യന്തര വകുപ്പ് ഇതുവരെ മറുപടി നൽകിയിട്ടില്ല.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2020ലാണ് ലോക്നാഥ് ബെഹ്റ സംസ്ഥാന പോലീസ് മേധാവിയായിരിക്കേ പവൻ ഹാൻസ് ലിമിറ്റഡിൽ നിന്ന് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത്. 22 കോടിയോളം രൂപ അന്ന് ഹെലികോപ്റ്ററിന്റെ വാടക ഇനത്തിൽ ചെലവായി.
തുടർന്ന് രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറി കുറച്ചു നാളുകൾക്കു ശേഷമാണ് വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ ധാരണയായത്. ഡൽഹി ആസ്ഥാനമായുള്ള ചിപ്സണ് ഏവിയേഷൻ എന്ന സ്വകാര്യ കന്പനിയിൽ നിന്നാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ തീരുമാനിച്ചത്. ഇതുവരെ 11.23 കോടി രൂപയാണ് ഖജനാവിൽ നിന്നു ചെലവഴിച്ചത്.
2020ൽ ആയിരുന്നു ആദ്യമായി വാടകയ്ക്ക് എടുത്തത്. 22 കോടി രൂപ വാടക ഇനത്തിൽ അന്ന് ചെലവായി. സാന്പത്തിക വർഷത്തിന്റെ അവസാന നാളുകളിലേക്കു കടക്കുന്നതിനിടെ നിത്യനിദാന ചെലവുകൾക്കു പണമില്ലാതെയിരിക്കേ കഴിഞ്ഞ ആഴ്ച 2500 കോടി രൂപ കടമെടുത്തിരുന്നു. ഈ ആഴ്ച വീണ്ടും 1500 കോടി കൂടി കടമെടുക്കാനുള്ള നടപടി തുടരുന്നതിനിടെയാണ് ഹെലികോപ്റ്റർ വാടക ഇനത്തിൽ കോടികൾ സംസ്ഥാന സർക്കാർ ധൂർത്തടിക്കുന്നത്.