അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ നട തുറന്നു; പ്രധാന തിരുനാള്‍ നാളെ
Sunday, January 19, 2025 2:01 AM IST
ചേര്‍ത്തല: വിശ്വാസികള്‍ക്കു ദര്‍ശനപുണ്യമേകി അര്‍ത്തുങ്കല്‍ വെളുത്തച്ചന്റെ തിരുസ്വരൂപത്തിന്റെ നട തുറന്നു.
ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് തിരുസ്വരൂപം പുറത്തെടുത്തു പരസ്യവണക്കത്തിനായി തിരുനടയില്‍ വച്ചത്. പള്ളിയില്‍ പ്രത്യേകം സൂക്ഷിച്ച അറയില്‍നിന്നു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് തിരുസ്വരൂപം പുറത്തെടുക്കുന്നത്.
റെക്ടര്‍ ഫാ. യേശുദാസ് കാട്ടുങ്കല്ത്തയ്യിലിന്റെ നേതൃത്വത്തിലാണു തിരുസ്വരൂപം പുറത്തെടുത്തത്. തുടര്‍ന്നു നടന്ന ദിവ്യബലിക്ക് ഫാ.പോള്‍ ജെ. അറയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
നാളെയാണ് പ്രധാന തിരുനാള്‍. രാവിലെ 11ന് ആഘോഷമായ തിരുനാള്‍ പൊന്തിഫിക്കല്‍ ദിവ്യബലിക്ക് ആലപ്പുഴ മെത്രാന് ഡോ.ജയിംസ് റാഫേല്‍ ആനാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
വൈകുന്നേരം മൂന്നിനു നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് കണ്ണൂര്‍ രൂപത വികാരി ജനറല്‍ ഡോ.ക്ലാരന്‍സ് പാലിയത്ത് മുഖ്യകാര്‍മികനാകും.
തുടര്‍ന്ന് 4.30 നു നടക്കുന്ന തിരുനാള്‍ പ്രദക്ഷിണത്തില്‍ ജനലക്ഷങ്ങള്‍ പങ്കാളികളാകും. കൃതജ്ഞതാദിനത്തോടെ 27നാണ് തിരുനാള്‍ സമാപിക്കുക. രാത്രി 12ന് തിരുസ്വരൂപവന്ദനം, തിരുസ്വരൂപ നട അടയ്ക്കല്‍ ചടങ്ങുകളോടെ അര്‍ത്തുങ്കല്‍ തിരുനാളിന് സമാപനമാകും.