ആംബുലൻസിന് മാർഗതടസമുണ്ടാക്കിയെന്ന കേസിൽ ഡോക്ടർ അറസ്റ്റിൽ
Sunday, January 19, 2025 2:01 AM IST
കൂത്തുപറമ്പ്: അത്യാസന്ന നിലയിലുള്ള രോഗിയുമായി പോയ ആംബുലന്‍സിന് കാർ മാർഗതടസമുണ്ടാക്കിയെന്ന കേസിൽ കാർ ഓടിച്ച ഡോക്ടർ അറസ്റ്റിൽ. പിണറായി സ്വദേശി ഡോ. രാഹുൽ രാജിനെ (32) ആണ് കതിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഡോക്ടറെ ജാമ്യത്തിൽ വിട്ടയച്ചു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് കാർ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം 5.30ഓടെ കതിരൂർ നായനാര്‍ റോഡിനും പൊന്ന്യം സ്രാമ്പിക്കും ഇടയിലാണ് കേസിനാസ്പദമായ സംഭവം.
ഹൃദയാഘാതത്തെത്തുടര്‍ന്ന് അത്യാസന്ന നിലയിലായ മട്ടന്നൂര്‍ കളറോഡിലെ റുഖിയ (61) യെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് തലശേരിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകുംവഴി നായനാര്‍ റോഡില്‍ എത്തിയപ്പോള്‍ കാര്‍ വഴി നല്‍കിയില്ലെന്നാണ് പരാതി. ആംബുലന്‍സ് ഡ്രൈവര്‍ മട്ടന്നൂര്‍ നെല്ലൂന്നിയിലെ കെ. ശരത്താണ് ഇതുസംബന്ധിച്ച് കതിരൂര്‍ പോലിസില്‍ പരാതിപ്പെട്ടത്.
ആശുപത്രിയില്‍ എത്തിച്ച് കുറച്ചു കഴിയുമ്പോഴേക്കും റുഖിയ മരിച്ചിരുന്നു. മട്ടന്നൂര്‍ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.