ഗുരുതര വഞ്ചന: ജോഷ്വാ മാർ ഇഗ്നാത്തിയോസ്
Sunday, January 19, 2025 2:55 AM IST
മാവേലിക്കര: സർക്കാരിന്റെ മദ്യനയത്തിലെ മാറ്റം ഗുരുതരമായ വഞ്ചനയാണെന്ന് കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്.
തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ ജനങ്ങൾക്ക് നല്കിയ വാഗ്ദാനത്തേക്കാൾ മദ്യലോബിയുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് അമിത പ്രാധാന്യം നൽകുകയാണ് ഇടതുപക്ഷ സർക്കാരെന്നും ബിഷപ് കുറ്റപ്പെടുത്തി.
പൊതുജനത്തിന്റെ ജീവനും സ്വത്തിനും കാവലാളാകേണ്ട സർക്കാർ വിനാശകരമായ മദ്യനയം മൂലം പൊതു ജനത്തിന്റെ സർവനാശത്തിന് കളമൊരുക്കുന്നു. 2016ലെയും 2021ലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി അവതരിപ്പിച്ച പ്രകടനപത്രികകളിലൂടെ പൊതു ജനങ്ങൾക്ക് നല്കിയ വാഗ്ദാനമാണ് പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ട് ഒയാസീസ് കമ്പനിക്ക് എഥനോൾ പ്ലാന്റ് സ്ഥാപിക്കാനുള്ള ലൈസൻസ് നല്കാനുള്ള മന്ത്രിസഭാ തീരുമാനത്തിലൂടെ ബോധപൂർവം ലംഘിച്ചത്. ഇത് അതീവ ഗുരുതരമായ ജനവഞ്ചനയാണ്.
ഇരുപത്തിയാറ് വർഷമായി തുടരുന്ന നയത്തിന്റെ ഭാഗമായാണ് മദ്യനിർമാണ യൂണിറ്റുകൾക്ക് സംസ്ഥാനത്ത് അനുമതി നൽകാതിരിക്കുന്നത്. തുടർച്ചയായി മദ്യശാലകൾ അനുവദിച്ചുകൊണ്ടിരിക്കുന്ന സർക്കാർ നയവഞ്ചനകളുടെ ഏറ്റവും പുതിയ നടപടിയാണ് കഞ്ചിക്കോട് വിഷയം.
മാലിന്യം നിക്ഷേപിക്കുന്നതു മൂലം ഫാക്ടറി പരിസരത്തെ ഉപരിതല ജലവും ഭൂഗർഭ ജലവും മലിനമാകും. അതോടൊപ്പം അന്തരീക്ഷ മലിനീകരണവും ആഹാര പദാർഥങ്ങളിലുള്ള വിഷസാന്നിധ്യവും ഗൗരവമായി എടുക്കേണ്ടതുണ്ട്.
ഭൂഗർഭ ജലം ഊറ്റിയതിനെത്തുടർന്ന് പ്ലാച്ചിമടയിലെ കൊക്ക കോള കമ്പനി പൂട്ടിയ സ്ഥലത്തിന് വളരെ അടുത്താണ് സർക്കാർ അനുമതി ലഭിച്ച കഞ്ചിക്കോട്ടെ കമ്പനി. കമ്പനിക്ക് പ്രവർത്തനാനുമതി നൽകിയതിലെ അഴിമതിയുടെ ആഴം അതീവ ഗുരുതരമാണ്.
ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ട സർക്കാർ ഇതുപോലുള്ള നടപടികളിലൂടെ നാടിനെ സർവനാശത്തിലേക്കാണ് നയിക്കുന്നത്. ഇടതുമുന്നണി അധികാരത്തിൽ വരുന്നതിനുമുമ്പ് കേവലം 29 ബാറുകൾ മാത്രം ഉണ്ടായിരുന്നത് ഇപ്പോൾ ആയിരത്തിലധികമായിരിക്കുന്നു.
മറ്റുതലങ്ങളിലുള്ള മദ്യശാലകൾക്കു പുറമെയാണിത്. അതോടൊപ്പം, സർവ മേഖലകളിലേക്കും മദ്യവ്യാപനം ഊർജിതപ്പെടുത്തിയിരിക്കുന്നു. ജനങ്ങളോട് തെല്ലെങ്കിലും പ്രതിബദ്ധതയുണ്ടെങ്കിൽ വിനാശകരമായ ഈ മന്ത്രിസഭാ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്നും ജോഷ്വാ മാർ ഇഗ്നാത്തിയോസ് ആവശ്യപ്പെട്ടു.