മദ്യഫാക്ടറി നിലംതൊടാൻ അനുവദിക്കില്ലെന്ന് കെ. സുധാകരൻ
Sunday, January 19, 2025 2:01 AM IST
തിരുവനന്തപുരം: എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി പാലക്കാട്ട് ആരംഭിക്കാൻ പോകുന്ന മദ്യനിർമാണ ഫാക്ടറി നിലംതൊടാൻ അനുവദിക്കില്ലെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി.
കെ റെയിലിന്റെ മഞ്ഞക്കുറ്റി കോണ്ഗ്രസ് പ്രവർത്തകർ പിഴുതെറിഞ്ഞതുപോലെ മദ്യഫാക്ടറിയെയും തൂത്തെറിയും. മദ്യഫാക്ടറിക്കെതിരേ സംസ്ഥാന വ്യാപകമായ പ്രക്ഷോഭം ഉണ്ടാകുമെന്ന് സുധാകരൻ മുന്നറിയിപ്പ് നല്കി.
ജനങ്ങളെ ബോധ്യപ്പെടുത്താൻ പറ്റുന്ന ഒന്നും മദ്യ ഫാക്ടറിയുടെ കാര്യത്തിലില്ല. എതിർക്കാൻ നൂറുകൂട്ടം കാരണങ്ങളുണ്ടു താനും. അടിമുടി ദുരൂഹതയും അഴിമതിയും നിറഞ്ഞ പദ്ധതിയാണിത്.
കഞ്ചിക്കോട് എലപ്പുള്ളി പഞ്ചായത്തിൽ എഥനോൾ പ്ലാന്റ്, മൾട്ടി ഫീഡ് ഡിസ്റ്റിലേഷൻ യൂണിറ്റ്, ഇന്ത്യൻ നിർമിത വിദേശമദ്യ ബോട്ടിലിംഗ് യൂണിറ്റ്, ബ്രൂവറി, മാൾട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/ വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിന് മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് എന്ന കന്പനിക്കാണ് അനുമതി നൽകിയത്.
കന്പനിയുടെ ഉടമ ഗൗതം മൽഹോത്ര ഡൽഹി മദ്യ വിവാദവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ അറസ്റ്റിലായ ബിസിനസുകാരനാണ്.