എയ്ഡഡ് അധ്യാപകരുടെ സമരം ജീവിക്കാനുള്ള പോരാട്ടമെന്ന് മുരളീധരൻ
Sunday, January 19, 2025 2:01 AM IST
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളോടുള്ള സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ കേരള എയ്ഡഡ് ടീച്ചേഴ്സ് കളക്ടീവിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് ധര്‍ണ സംഘടിപ്പിച്ചു. കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന് ഉദ്ഘാടനം ചെയ്തു. കേരള എയ്ഡഡ് ടീച്ചേഴ്സ് അസോസിയേഷന് നടത്തുന്ന സമരം ജീവിക്കാനുള്ള പോരാട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
ഭിന്നശേഷി നിയമനം നടന്നില്ലെന്ന കാരണം പറഞ്ഞ് 16000 ത്തോളം എയ്ഡഡ് അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കാതെയും നോഷണല്‍ എന്ന പേരില്‍ അധ്യാപക തസ്തികകളെ തരം മാറ്റിയും കേരളത്തില്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ച ഇടതുപക്ഷം അധ്യാപകരെയും ജീവനക്കാരെയും സമരത്തിലേക്ക് മന:പൂര്‍വം തള്ളിവിടുകയാണ്. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ഭരണമല്ല മറിച്ച് സ്വജന പക്ഷപാതവും ഖജനാവ് കൊള്ളയുമാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നശേഷി നിയമനത്തിന്റെ മറവില്‍ മൂന്നു വര്‍ഷത്തോളമായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്ത 16000 അധ്യാപകരുടെ പ്രതിനിധികള്‍, ആവശ്യത്തിനു കുട്ടികള്‍ ഉണ്ടായിട്ടും യുഐഡി ഇന്‍വാലിഡ് ആയതിന്റെ പേരില്‍ ജോലി നഷ്ടപ്പെട്ട അധ്യാപകര്‍, വര്‍ഷങ്ങളായി അധിക തസ്തികകളില്‍ ജോലി ചെയ്തിട്ടും നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകര്‍ തുടങ്ങിയവര്‍ ധര്‍ണയില്‍ പങ്കെടുത്തു.
സര്‍ക്കാരിന്റെ എയ്ഡഡ് മേഖലയോടുള്ള തരംതിരിവ് പൊതുവിദ്യഭ്യാസ മേഖലയുടെ തകര്‍ച്ചയിലേക്കു നയിക്കുമെന്നു കെഎടിസി പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. മുന്‍മന്ത്രി ബാബു ദിവാകരന് അധ്യക്ഷത വഹിച്ച യോഗത്തില്‍ കെഎടിഎ ജനറല്‍ സെക്രട്ടറിഎ വി. ഇന്ദുലാല്‍ സ്വാഗതം പറഞ്ഞു.
എം. വിന്‍സെന്റ് എംഎല്‍എ, അഡ്വ.പി.ജി. പ്രസന്നകുമാര്‍, ചവറ ജയകുമാര്‍ കേരള എയ്ഡഡ് ടീച്ചേഴ്സ് കളക്ടീവ് പ്രസിഡന്റ് ബിന്സിന് ഏക്കാട്ടൂര്‍, സെക്രട്ടറി ശ്രീഹരി കണ്ണൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.