റഷ്യയിലേക്കു മനുഷ്യക്കടത്ത്: മൂന്നു പ്രതികൾ കസ്റ്റഡിയിൽ
Sunday, January 19, 2025 2:55 AM IST
വടക്കാഞ്ചേരി: റഷ്യയിലേക്കു മനുഷ്യക്കടത്ത് നടത്തിയെന്ന പരാതിയിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പോളണ്ടിൽ മികച്ച ജോലിയും ഉയർന്ന ശമ്പളവും വാഗ്ദാനംചെയ്ത് തെക്കുംകര കുത്തുപാറ സ്വദേശി ജെയിൻ (27), ബന്ധു കുട്ടനെല്ലൂർ സ്വദേശി ബിനിൽ (27) എന്നിവരിൽനിന്നു ലക്ഷങ്ങൾ തട്ടിയെടുത്തശേഷം റഷ്യയിലെ കൂലിപ്പട്ടാളത്തിൽ എത്തിച്ചവർക്കെതിരേ ശക്തമായ നടപടി ആവശ്യപ്പെട്ട് ജെയിന്റെ പിതാവ് കുരിയൻ മുഖ്യമന്ത്രിക്കു നൽകിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
തയ്യൂർ സ്വദേശി സിബി, എറണാകുളം സ്വദേശി സന്ദീപ് തോമസ്, ചാലക്കുടി സ്വദേശി സുമേഷ് ആന്റണി (സ്റ്റീവ് ആന്റണി ) എന്നിവരെയാണ് കമ്മീഷണറുടെ നിർദേശപ്രകാരം വടക്കാഞ്ചേരി സിഐ റിജിൻ എം. തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലടുത്തത്.
ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. എറണാകുളത്ത് ഒരു ഷോറൂമിൽ മെക്കാനിക്കായിരുന്ന ജെയിന്റെ അകന്ന ബന്ധുവായ സിബി മാസം രണ്ടുലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ജോലി വാഗ്ദാനംചെയ്ത് 1,40,000 രൂപ കൈപ്പറ്റി. മികച്ച ജോലിയാണെന്നു തെറ്റിദ്ധരിച്ച് ബന്ധുവായ ബിനിലും പോകാൻ തയാറാവുകയായിരുന്നു.
ഇതോടെ സുമേഷ് ആന്റണി എന്നയാൾ ടിക്കറ്റിനും മറ്റുമെന്ന പേരിൽ നാലുലക്ഷത്തോളം രൂപ കൈപ്പറ്റി. റഷ്യയിൽ വിമാനമിറങ്ങിയ ഉടൻ സന്ദീപ് തോമസ് ഇരുവരുടെയും പാസ്പോർട്ടുകൾ പിടിച്ചുവാങ്ങുകയും റഷ്യൻ പാസ്പോർട്ടിന് അപേക്ഷകൾ ഒപ്പിട്ടുവാങ്ങുകയും ചെയ്തു. തുടർന്ന് സൈനിക ക്യാമ്പിലെത്തിച്ചു. അതികഠിനമായ സൈനികപരിശീലനം നൽകി. എകെ 47 തോക്കുകൾ ഉപയോഗിക്കാൻ നിർബന്ധിച്ചു പരിശീലിപ്പിച്ചുവെന്നും പരാതിയിൽ പറഞ്ഞിരുന്നു.