മന്ത്രിസഭ അംഗീകരിച്ച ബ്രൂവറി, ഡിസ്റ്റിലറി പ്ലാന്റിന് അനുമതി നൽകി ഉത്തരവ്
Sunday, January 19, 2025 2:55 AM IST
തിരുവനന്തപുരം: മന്ത്രിസഭ അംഗീകരിച്ച വിവാദ ബ്രൂവറി, ഡിസ്റ്റിലറി പ്ലാന്റിന് മണിക്കൂറുകൾക്കുള്ളിൽ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി.
പാലക്കാട് കഞ്ചിക്കോട് കേന്ദ്രമാക്കി പ്രവർത്തനം തുടങ്ങാൻ പ്രാരംഭ അനുമതി നൽകിയ ഒയാസിസ് കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് 330 ദിവസവും പ്രവർത്തിപ്പിക്കാൻ കഴിയും വിധത്തിലുള്ള പ്രാരംഭ അനുമതി നൽകി നികുതി, എക്സൈസ് വകുപ്പുകളാണ് ഉത്തരവിറക്കിയത്.
അരി, ചോളം, പച്ചക്കറി വേസ്റ്റ്, മരച്ചീനി, ഗോതന്പ്, മധുരക്കിഴങ്ങ് എന്നീ കാർഷിക വിളകൾ അസംസ്കൃത വസ്തുക്കളായി ഉപയോഗിച്ചുള്ള മൾട്ടി ഫീഡ് പ്ലാന്റ് ആയി ഉത്പാദനം തുടങ്ങാനാണ് അനുമതി.
സ്ഥാപനത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളിൽ കേരളത്തിൽ ഉത്പാദിപ്പിക്കുന്ന കാർഷികവിളകൾ ഉൾപ്പെടുത്തിയതിനാൽ ഇതു കാർഷിക മേഖലയ്ക്കു സഹായകരമാകുമെന്നാണ് ഉത്തരവിൽ പറയുന്നത്.
കഞ്ചിക്കോട് വ്യവസായ പാർക്കിനോടു ചേർന്ന് 24 ഏക്കർ ഭൂമി ഒയാസിസ് കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് ഉണ്ടെന്നും നിർദിഷ്ട എഥനോൾ, എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ (ഇഎൻഎ) ഡിസ്റ്റിലേഷൻ യൂണിറ്റ്, സീറോ ഡിസ്ചാർജ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഉത്തരവിൽ പറയുന്നു. പരിസ്ഥിതി മന്ത്രാലയം അനുശാസിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കും. മദ്യനിർമാണത്തിന് ആവശ്യമായ ജലം കേരള ജല അഥോറിറ്റി നൽകും.
അഞ്ചു ലക്ഷം ലിറ്റർ മദ്യോത്പാദന ശേഷിയുള്ള എഥനോൾ പ്ലാന്റ്, മൾട്ടി ഫീഡ് ഡിസ്റ്റിലേഷൻ യൂണിറ്റ്, ഇന്ത്യൻ നിർമിത വിദേശമദ്യ ബോട്ടിലിംഗ് യൂണിറ്റ്, ബ്രൂവറി, മാൾട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി, വൈൻ പ്ലാന്റ് എന്നിവ ഉൾപ്പെട്ട സംയോജിത യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള അനുമതിക്കാണ് ഒയാസിസ് കൊമേഴ്സ്യൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം അനുമതി അപേക്ഷ സമർപ്പിച്ചത്.
ഓയിൽ കന്പനികൾ വിളിച്ച ടെൻഡറിൽ എഥനോൾ ഉത്പാദനത്തിന് പരിചയസന്പന്നരായ സംരംഭകരുടെ പട്ടികയിൽ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുള്ളത് ഒയാസിസ് കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് മാത്രമാണ്.
ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ 20 വർഷമായി നടത്തി വിജയിച്ച പരിചയസന്പന്നതയും ചൂണ്ടിക്കാട്ടുന്നു. ഈ സ്ഥാപനം പാലക്കാട് സ്ഥാപിച്ചാൽ കൂടുതൽ തൊഴിലവസരം സൃഷ്ടിക്കാനാകുമെന്നും ഉത്തരവിൽ പറയുന്നു.
എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ കേരളത്തിൽ തന്നെ ഉത്പാദിപ്പിക്കാൻ പ്രോത്സാഹനം നൽകുമെന്നും ഇതിനു തയാറാകുന്ന ഡിസ്റ്റിലറികൾക്കും പുതിയ യൂണിറ്റുകൾക്കും അനുമതി നൽകുമെന്നും കഴിഞ്ഞ സാന്പത്തികവർഷത്തിലെ മദ്യനയത്തിൽ തീരുമാനിച്ചിരുന്നു.
മദ്യം ഉത്പാദിപ്പിക്കാനുള്ള അസംസ്കൃത വസ്തുവായി അരി ഉപയോഗിക്കുന്പോൾ ബ്രോക്കണ് റൈസ് (ഉത്പാദനത്തിനിടെ പൊടിയുന്നവ) മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്ന നിബന്ധനയോടെയാണ് അനുമതി നല്കിയതെന്നും അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിന്റെ ഉത്തരവിൽ പറയുന്നു.