മുത്തശിയെ കറിയിൽ വിഷം കലർത്തി കൊന്ന കേസ്: പേരമകനും ഭാര്യക്കും ജീവപര്യന്തം
Sunday, January 19, 2025 2:55 AM IST
മണ്ണാർക്കാട്: ചീരക്കറിയിൽ കീടനാശിനി കലര്‍ത്തി നല്കി മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കു ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപവീതം പിഴയും ശിക്ഷ.
കരിമ്പുഴ തോട്ടരയിലെ ഈങ്ങാക്കോട്ടില്‍ മമ്മിയുടെ ഭാര്യ നബീസ(71)യെ കൊലപ്പെടുത്തിയ കേസിൽ പേരമകൻ ബഷീര്‍ (42), ഭാര്യ കണ്ടമംഗലം സ്വദേശിനി ഫസീല (36) എന്നിവർക്കാണ് മണ്ണാർക്കാട് സ്പെഷൽ കോടതി ജഡ്ജി ജോമോൻ ജോൺ ശിക്ഷ വിധിച്ചത്
പിഴ നൽകിയില്ലെങ്കിൽ രണ്ടു വർഷം അധികതടവ് അനുഭവിക്കണം. പ്രതികളിൽനിന്ന് ഈടാക്കുന്ന തുകയിൽനിന്ന് രണ്ടു ലക്ഷം രൂപ കൊല്ലപ്പെട്ട നബീസയുടെ മകൾ ആയിഷയ്ക്കു നൽകാനും കോടതി ഉത്തരവിട്ടു. തെളിവു നശിപ്പിച്ചതിന് ഒന്നാം പ്രതി ബഷീറിന് ഏഴു വർഷം തടവും 25,000 രൂപ പിഴയും വിധിയിലുണ്ട്. ഈ ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പിഴ അടച്ചില്ലെങ്കിൽ ആറുമാസം ശിക്ഷ അനുഭവിക്കണം.
കോടതിവിധിയിൽ തൃപ്തിയുണ്ടെന്നു ബഷീറിന്റെ പിതാവ് മുഹമ്മദ് പറഞ്ഞു. മറ്റു ബന്ധുക്കളും കോടതിവിധിയിൽ തൃപ്തി അറിയിച്ചു.
2016 ജൂൺ 24ന് നബീസയുടെ മൃതദേഹം ആര്യമ്പാവ് - ഒറ്റപ്പാലം റോഡില്‍ നായാടിപ്പാറയ്ക്ക ു സമീപം റോഡരികില്‍ കാണപ്പെടുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് നബീസയുടെ പേരക്കുട്ടി ബഷീര്‍, ഭാര്യ ഫസീല എന്നിവര്‍ അറസ്റ്റിലായത്.
കൊലപാതകത്തിനു നാലുദിവസം മുന്‍പ് നബീസയെ ബഷീര്‍ അനുനയിപ്പിച്ച് നമ്പ്യാന്കുന്നിലുള്ള തന്റെ വീട്ടിലേക്കു കൊണ്ടുവന്നതായി പോലീസ് കണ്ടെത്തി. 22നു രാത്രി ചീരക്കറിയില്‍ കീടനാശിനി ചേര്‍ത്ത് നബീസയ്ക്കു കഴിക്കാന്‍ നല്കി. ഇതു കഴിച്ചെങ്കിലും കാര്യമായ ശാരീരികവിഷമതകൾ കാണാതിരുന്നതോടെ, രാത്രി ബലംപ്രയോഗിച്ച് നബീസയുടെ വായിലേക്കു വിഷം ഒഴിക്കുകയും ചെയ്തു. മരിച്ചെന്ന് ഉറപ്പിച്ചശേഷം മൃതദേഹം ഒരു ദിവസം വീട്ടില്‍ സൂക്ഷിച്ചു. തുടര്‍ന്ന് 24നു രാത്രിയോടെ ബഷീറും ഫസീലയും തയാറാക്കിയ ആത്മഹത്യാക്കുറിപ്പ് സഹിതം മൃതദേഹം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.
ബഷീറിനെ തവനൂർ ജയിലിലേക്കും ഫസിലയെ വിയ്യൂർ ജയിലിലേക്കുമാണ് കൊണ്ടുപോയത്. അന്നത്തെ മണ്ണാർക്കാട് സിഐ മുഹമ്മദ് ഹനീഫയാണ് കേസ് അന്വേഷിച്ചത്. പബ്ലിക് പ്രോസിക്യൂട്ടറായി പി. ജയൻ ഹാജരായി.