ഡ്രൈവർമാരെ ‘നന്നാക്കി ’ ഡീസൽച്ചെലവിൽ 77 കോടി ലാഭിക്കാൻ ശ്രമം
Sunday, January 19, 2025 2:01 AM IST
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: ഡ്രൈവർമാരെ നന്നാക്കി ഡീസൽ ചെലവിൽ വർഷം 77 കോടി ലാഭിക്കാൻ കെഎസ്ആർടിസിയുടെ ശ്രമം. നിലവിൽ ഒരു ലിറ്റർ ഡീസലിന് ശരാശരി 4.03 കിലോമീറ്റാണ് കെഎസ്ആർടിസി ബസുകളുടെ ഇന്ധനക്ഷമത. ഇത് 4.3 കിലോമീറ്ററായി വർധിപ്പിക്കുകയാണ് ലക്ഷ്യം. കെഎസ്ആർടിസി പ്രതിദിനം 3,500 സർവീസുകളാണ് നടത്തുന്നത്. ശരാശരി ഏഴ് കോടിയാണ് ടിക്കറ്റ് വരുമാനം.
ഈ സർവീസുകൾക്ക് പ്രതിദിനം 360 കിലോലിറ്റർ ഡീസൽ വേണ്ടിവരുന്നു. വരുമാനത്തിന്റെ നേർപകുതിയായ 3.5 കോടി രൂപ ഡീസലിന് മാത്രം വേണ്ടി വരുന്നു. ഒരു ലിറ്റർ ഡീസലിന് 4.3 കിലോമീറ്റർ ഓടിക്കാൻ കഴിഞ്ഞാൽ വർഷം ഈ ഇനത്തിൽ 77 കോടി ലാഭിക്കാൻ കഴിയുമെന്നാണ് കണക്ക്.
ദിവസേന ഓരോ ബസും പരിശോധിച്ച് ഇന്ധന ഉപയോഗം വിലയിരുത്തും. ഇതിന് പ്രത്യേക സോഫ്റ്റ്വേറും തയാറാക്കിയിട്ടുണ്ട്. ഓരോ ഡ്രൈവറും ഓടിച്ച ബസിലെ ഇന്ധന ഉപഭോഗം വിലയിരുത്തും.
മോശം പ്രകടനം കാഴ്ചവയ്ക്കുന്ന ഡ്രൈവർമാരെ യൂണിറ്റ് അധികാരിയുടെ നേതൃത്വത്തിലുള്ള പാനൽ കൗൺസലിംഗിന് വിധേയരാക്കും. കൗൺസലിംഗ് ശാസന ആകരുതെന്ന് പ്രത്യേക നിർദേശവും നല്കിയിട്ടുണ്ട്. കൗൺസലിംഗിന് ശേഷവും കൂടുതൽ കിലോമീറ്റർ ലഭിച്ചില്ലെങ്കിൽ നടപടിയെടുക്കും.
മാനേജ്മെന്റിന്റെ നീക്കം ഈ ഡ്രൈവർമാരെ മാത്രം ലക്ഷ്യം വച്ചുള്ളതാന്നെന്നും ഒരു ബസിന് കെഎംപിഎൽ (ഒരു ലിറ്ററിന് കിട്ടുന്ന ദൂരം) ബസിന്റെ സാങ്കേതിക നിലവാരമനുസരിച്ചായിരിക്കുമെന്നാണ് ജീവനക്കാരുടെ നിലപാട്.
പഴഞ്ചൻ ബസുകളും കേരളത്തിലെ തകർന്ന റോഡുകളും ഇന്ധന ഉപയോഗം വർധിപ്പിക്കുകയാണെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. സ്ഥിരമായി എയർ പ്രഷർ നിലനിർത്താൻ എയർ കംപ്രസർ ലോഡിൽ പ്രവർത്തിപ്പിക്കേണ്ടി വരുന്നത് മൂലമുണ്ടാകുന്ന ഡീസൽ നഷ്ടം വളരെ വലുതാണ്. ഇത് കണക്കിൽപ്പെടുത്താതെയാണ് പുതിയ നിർദേശം.
കൂടാതെ ഡീസൽ ലീക്ക്, എയർലീക്ക്, ബ്രേക്ക് ജാമിംഗ്, ക്ലച്ച് സ്ലിപ്പിംഗ്, ട്രാഫിക് ജാം തുടങ്ങിയ നിരവധി കാരണങ്ങളും ഡീസൽ ചെലവ് വർധിക്കാൻ കാരണമാകുന്നുണ്ട്.
യന്ത്രത്തകരാറുകളും സാങ്കേതിക തകരാറുകളും പരിശോധിക്കേണ്ടതും യഥാസമയം പരിഹരിക്കേണ്ടതും മെക്കാനിക്കൽ വിഭാഗമാണ്. നല്ല കണ്ടീഷനുള്ള ബസുകളും മികച്ച റോഡുകളുമുണ്ടെങ്കിൽ മാത്രമേ ലക്ഷ്യം കൈവരിക്കാൻ കഴിയൂ എന്നാണ് ജീവനക്കാർ പറയുന്നത്. ഓരോ ബസുകളും പരിശോധിച്ച് കെഎംപിഎൽ കുറയുന്നതിന്റെ കാരണം വിശകലനം ചെയ്യണം.