ചരിത്രപ്രസിദ്ധമായ പള്ളുരുത്തി പുലവാണിഭ മേള നാളെ
1493390
Wednesday, January 8, 2025 4:21 AM IST
പള്ളുരുത്തി: ചരിത്ര പ്രസിദ്ധമായ പള്ളുരുത്തി പുലവാണിഭ മേള നാളെ. ധനുമാസത്തിലെ അവസാന വ്യാഴാഴ്ചയാണ് അവർണർക്ക് ക്ഷേത്രദർശനം നടത്തുന്നതിന് കൊച്ചി മഹാരാജാവ് അനുമതി നൽകിയ ദിവസം. പിന്നീട് അത് ഒരു ഉത്സവമായി മാറുകയായിരുന്നു. പുലവാണിഭ മേള എന്ന പേരായിരുന്നെങ്കിലും പിന്നീട് "പെലവാണ്യം' ആയി മാറി.
ക്ഷേത്രദർശനത്തിനു വരുന്നവർ തങ്ങളുടെ കാർഷിക വിളകളും ഗ്രാമീണ ഉത്പന്നങ്ങളും കൊണ്ടു വന്ന് കച്ചവടം ചെയ്ത്തോടെ പിന്നീട് അതൊരു വിപണന മേളയായി മാറുകയായിരുന്നു.
മേളയിൽ നേരത്തെ തന്നെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഉത്പന്നങ്ങളുമായി കച്ചവടക്കാരെത്തിയിട്ടുണ്ട്. വ്യാഴാഴ്ച്ചയാണ് പുലവാണിഭ ചന്ത നടക്കുന്നതെങ്കിലും ഏതാനും ദിനങ്ങൾക്ക് മുൻപേ തന്നെ കച്ചവടക്കാർ സജീവമായിട്ടുണ്ട്.
കോട്ടയം, ആലപ്പുഴ, കൊല്ലം, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം കച്ചവടക്കാര്‍ പുലവാണിഭമേളയില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. വിവിധ തരത്തിലുള്ള പായകൾ, കാർഷികവിളകൾ, നാടൻ ഗൃഹോപകരണങ്ങൾ, പലഹാരങ്ങൾ, നടീൽ വസ്തുക്കൾ, കാർഷിക ഉപകരണങ്ങൾ തുടങ്ങിയവയുടെ വിൽപ്പനയാണ് പ്രധാനമായും ഇവിടെ നടക്കുക.
അഴകിയകാവ് ക്ഷേത്രത്തിനോട് ചേർന്ന പറമ്പിലും, റോഡിനന്റെ ഇരു വശങ്ങളിലുമായാണ് കച്ചവടം നടക്കുന്നത്. പുലവാണിഭമേളയുമായി ബന്ധപ്പെട്ട് മറ്റ് ആചാരങ്ങളോ, ചടങ്ങുകളോ പതിവില്ല. ഗ്രാമീണ വിപണന ഉത്സവമായാണ് ഇത് അറിയപ്പെടുന്നത്.