പഴങ്ങനാട് ഷാപ്പുംപടി-മാളേയ്ക്കപ്പടി റോഡിന് ശാപമോക്ഷം
1494066
Friday, January 10, 2025 4:55 AM IST
കിഴക്കമ്പലം : അഞ്ചു വർഷത്തെ കാത്തിരിപ്പിന് ശേഷം നിയമ പോരാട്ടത്തിനൊടുവിൽ പഴങ്ങനാട് ഷാപ്പുംപടി മാളേയ്ക്കപ്പടി റോഡിന് ശാപമോക്ഷമായി. നീണ്ട ഇടവേളയ്ക്കു ശേഷം സഞ്ചാരയോഗ്യമല്ലാതെ കിടന്നിരുന്ന റോഡ് ബിഎംബിസി നിലവാരത്തിൽ പുനർനിർമിച്ച റോഡിന്റെ ജനകീയ ഉദ്ഘാടനം നാട്ടുകാരുടെയും പ്രദേശവാസികളുടെ സാന്നിധ്യത്തിൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ് നിർവഹിച്ചു.
പ്രദേശിക ഇടതു-വലതു രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പിനെ തുടർന്ന് ആദ്യ ഘട്ടത്തിൽ ട്വന്റി 20 പാർട്ടികളുടെ നേത്യത്വത്തിൽ ഈറോഡ് വീതി കൂട്ടി നിർമിക്കാനുള്ള ശ്രമങ്ങൾ തടസപ്പെട്ടിരുന്നു.
പിന്നീട് ശക്തമായ രാഷ്ട്രീയ ഇടപെടലുകളെ തുടർന്ന് 2021 -22 വർഷത്തെ റോഡ് സംരക്ഷണ ഫണ്ടിൽ നിന്നും പണം അനുവദിക്കാൻ സർക്കാരിന്റെ ഭരണാനുമതി ഉണ്ടായിട്ടും ആ വകുപ്പ് പണം നൽകിയില്ല.
പിന്നീട് പഞ്ചായത്ത് കോടതിയെ സമീപിക്കുകയായിരുന്നു. 2023 കോടതി വീണ്ടും റോഡിന് ഫണ്ട് അനുവദിക്കാൻ നിർദേശിച്ചെങ്കിലും 2021- 2022 ലെ കാലഹരണപ്പെട്ട റോഡ് സംരക്ഷണ ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചത്.
ഇത് ചൂണ്ടിക്കാട്ടി വീണ്ടും കോടതിയെ സമീപിച്ചതോടെ സർക്കാർ പഴയ ഉത്തരവ് പിൻവലിച്ച് കിഴക്കമ്പലം പഞ്ചായത്തിന്റെ മെയിന്റനൻസ് ഫണ്ടിൽ നിന്നും പണമനുവദിക്കാൻ ഉത്തരവിറക്കുകയായിരുന്നു.
എന്നാൽ മെയിന്റനൻസ് തുക ഉപയോഗിച്ച് റോഡ് നിർമാണം സാധ്യമല്ലെന്നിരിക്കെ അതു വ്യക്തമാക്കി കോടതിയലക്ഷ്യ കേസുമായി പഞ്ചായത്ത് വീണ്ടും കോടതിയെ സമീപിച്ചതോടെ 2024 നടപ്പു വർഷത്തെ റോഡ് സംരക്ഷണ ഫണ്ടിൽ നിന്നും തുക അനുവദിച്ച് ഉത്തരവിറക്കുകയായിരുന്നു.
അങ്ങനെ വർഷങ്ങൾ നീണ്ടുപോയ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഈ റോഡിന് ശാപമോക്ഷം ലഭിച്ചത്. ജനകീയ ഉദ്ഘാടനത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി അജി, ബ്ലോക്ക് പഞ്ചായത്ത് അംഗം ചിക്കൂസ് രാജു, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി (വിദ്യാഭ്യാസം ആരോഗ്യം) ചെയർപേഴ്സണും വാർഡ് മെമ്പറുമായ ജെനീസ് കാച്ചപ്പിള്ളി, മെമ്പർമാരായ ഷീബ ജോർജ്, ദീപ ജേക്കബ് തുടങ്ങിയവരും പ്രദേശവാസികളും ട്വന്റി 20 പ്രവർത്തകരും പങ്കെടുത്തു.