കുത്തിപ്പൊളിച്ച റോഡുകൾ രണ്ടുവർഷം കഴിഞ്ഞിട്ടും പുനർനിർമിച്ചില്ല : ജൽജീവൻ പദ്ധതി എക്സി. എൻജിനീയറെ ജനപ്രതിനിധികൾ ഉപരോധിച്ചു
1494059
Friday, January 10, 2025 4:43 AM IST
നെടുമ്പാശേരി: ജൽ ജീവൻ പദ്ധതിക്കായി കുത്തിപ്പൊളിച്ച ചെങ്ങമനാട് പഞ്ചായത്തിലെ റോഡുകൾ പുനർനിർമിക്കാത്തതിനെതിരെ പഞ്ചായത്ത് പ്രസിഡന്റ് ജയ മുരളീധരന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങൾ പെരുമ്പാവൂരിലെ ജൽ ജീവൻ പദ്ധതിയുടെ എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ് ഉപരോധിച്ചു. രണ്ട് വർഷം മുമ്പാണ് ജൽ ജീവൻ പദ്ധതിക്കായി കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാൻ റോഡുകൾ കുത്തിപ്പൊളിച്ചത്.
ഒരു വർഷത്തിനകം നിലവിലെ അവസ്ഥയിൽ റോഡ് പുനർനിർമിക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നതെങ്കിലും രണ്ട് വർഷം കഴിഞ്ഞിട്ടും റോഡ് പുനർനിർമിച്ചിട്ടില്ല. അശാസ്ത്രീയമായി മൂടിയ കുഴിയുടെ മുകളിൽ കുണ്ടും കുഴിയുമാണിപ്പോൾ. ഇതിനു മുകളിലിട്ട മെറ്റലും ചരലും മണ്ണും റോഡിൽ ചിതറി നിത്യേനെയെന്നോണം അപകടങ്ങൾ സംഭവിക്കുകയാണ്.
മഴക്കാലത്ത് റോഡിലെ വെള്ളക്കെട്ടിലും ചളിയിലും വീണും നിരവധി അപകടങ്ങളുണ്ടായി. കാൽനട, സൈക്കിൾ, ഇരുചക്രവാഹന യാത്രികരടക്കം നിത്യവും അപകടത്തിൽപ്പെടുകയാണ്. ഗ്രാമസഭകളിൽ ഇതേ ചൊല്ലി നാട്ടുകാരുടെ പ്രതിഷേധവും ശക്തമായിരിക്കുകയാണ്.
ജലജീവൻ പദ്ധതിയുടെ നിർമാണം പൂർത്തീകരിച്ചാൽ മാത്രമെ പഞ്ചായത്ത് റോഡുകൾ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കാനാകൂ.
ജനരോഷം ശക്തമായതോടെയാണ് പെരുമ്പാവൂരിലെത്തി ജൽ ജീവൻ പദ്ധതി എക്സിക്യൂട്ടീവ് എൻജിനീയർ പ്രിയദർശിനിയെ ജനപ്രതിനിധികൾ ഉപരോധിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ജയ മുരളീധരൻ, വൈസ് പ്രസിഡന്റ് സി.എസ്. അസീസ്, പഞ്ചായത്ത് അംഗങ്ങളായ നൗഷാദ് പാറപ്പുറം, ഷക്കീല മജീദ്, ലത ഗംഗാധരൻ, ഷാജൻ എബ്രഹാം, ഇ.ഡി. ഉണ്ണികൃഷ്ണൻ, നഹാസ് കളപ്പുരയിൽ, ഇ.കെ. അനിൽ കുമാർ എന്നിവരാണ് പ്രതിഷേധിച്ചത്.
എന്നാൽ ഹൈദരാബാദിലുള്ള സ്വകാര്യ ഏജൻസിക്കാണ് നിർമാണ കരാർ നൽകിയിരുന്നത്. ഏജൻസി നിരുത്തരവാദ സമീപനം സ്വീകരിച്ചതാണ് നിർമാണം പൂർത്തിയാക്കാനാകാത്തതെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു.
കരാർ വച്ച ഏജൻസിയെ നോട്ടീസ് നൽകി ഒഴിവാക്കുകയും പുതിയ ഏജൻസിക്ക് അടിയന്തരിമായി നിർമാണച്ചുമതല നൽകാൻ നടപടി സ്വീകരിക്കുമെന്നും എക്സിക്യൂട്ടീവ് എൻജിനീയർ ജനപ്രതിനിധികൾക്ക് ഉറപ്പ് നൽകി.
അതേ സമയം ഇനിയും പൊളിച്ച റോഡുകൾ പുനർനിർമിക്കാത്ത പക്ഷം നാട്ടുകാരെ അടക്കം ഉൾപ്പെടുത്തി ഓഫീസ് ഉപരോധം അടക്കമുള്ള സമരപരിപാടികൾ ആവിഷ്ക്കരിക്കുമെന്ന് ജനപ്രതിനിധികൾ മുന്നറിയിപ്പ് നൽകിയാണ് മടങ്ങിയത്.