മൂവായിരം ഓട്ടോകൾക്കു കൂടി സിറ്റി പെർമിറ്റ് നൽകും
1494045
Friday, January 10, 2025 4:29 AM IST
കാക്കനാട് : എറണാകുളം ആർടി ഓഫീസ് പരിധിയിൽ 3,000 ഓട്ടോറിക്ഷകൾക്കു കൂടി സിറ്റി പെർമിറ്റ് നൽകാൻ തീരുമാനിച്ചതായി അധികൃതർ. നിലവിൽ സർവീസ് നടത്തുന്ന പെട്രോൾ, ഡീസൽ ഓട്ടോകൾക്കു പുറമെയാണ് ഇലക്ട്രിക്, ഗ്യാസ് ഓട്ടോകൾക്ക് പെർമിറ്റു നൽകുന്നതെന്ന് ആർടിഒ ടി.എം.ജേഴ്സൺ അറിയിച്ചു.
ഈ മാസം 13 മുതൽ 18 വരെ തീയതികളിൽ കളക്ടറേറ്റിൽ പ്രത്യേകം കൗണ്ടർ സ്ഥാപിച്ച് അപേക്ഷകൾ നേരിട്ടു മാത്രം സ്വീകരിക്കും. ഓൺലൈൻ വഴി അപേക്ഷിക്കേണ്ടതില്ല.
മുൻവശത്തെ നിറം ഐവറിയാവും
പെട്രോൾ, ഡീസൽ, ഇലക്ട്രിക്, സിഎൻജിയിൽ കൊച്ചിയിൽ ഓടുന്ന എല്ലാ സിറ്റി പെർമിറ്റ് ഓട്ടോറിക്ഷകളുടെയും മുൻഭാഗത്തെ നിറം ഐവറിയായി മാറ്റും. 10 സിഎം വീതിയും 20 സിഎം നീളവും ഉള്ള ചതുരക്കള്ളിയിൽ വെള്ളയും നീലയും നിറങ്ങൾ പെയിന്റു ചെയ്ത് അതിനുള്ളിലാവും വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ എഴുതേണ്ടത് പെർമിറ്റ് അനുവദിച്ചതിനുശേഷമാണ് ഇവയെല്ലാം നടപ്പിലാക്കുകയെന്നും അധികൃതർ പറഞ്ഞു.
മോട്ടോർവാഹാന വകുപ്പ് പുറത്തിറക്കിയിട്ടുള്ള ക്യുആർ കോഡ് സ്കാൻ ചെയ്താൽ അപേക്ഷയ് ക്കൊപ്പം എന്തൊക്കെ രേഖകൾ ഹാജരാക്കണമെന്നതിന് വ്യക്തത വരുമെന്ന് ആർടിഒ അറിയിച്ചു.