കരുമാല്ലൂർ-കുന്നുകര കുടിവെള്ള പദ്ധതി : ഒന്നാംഘട്ട പാക്കേജിന്റെ ടെൻഡറിന് മന്ത്രിസഭാ അംഗീകാരം
1493766
Thursday, January 9, 2025 4:10 AM IST
കരുമാലൂർ: കരുമാലൂർ-കുന്നുകര പഞ്ചായത്തുകളിലെ കുടിവെളള ക്ഷാമം പരിഹരിക്കുന്നതിനും വിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതിനുമായി ആവിഷ്കരിച്ച പദ്ധതിയിലെ ഒന്നാം ഘട്ട പാക്കേജിലെ പ്രവൃത്തികളുടെ ടെൻഡറിന് മന്ത്രിസഭായോഗം അംഗീകാരം നൽകി.
പാക്കേജിൽ ഉൾപ്പെട്ട കിണർ, പമ്പ് ഹൗസ് നിർമ്മാണം, പൊതു പ്രവൃത്തികൾ എന്നിവ ഉൾപ്പെട്ട ടെൻഡറിനാണ് അനുമതി. അടുത്ത രണ്ട് ടെൻഡറുകളിൽ വൈകാതെ തീരുമാനമാനമാകുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രോജക്ട് സമയബന്ധിതമായി പൂർത്തീകരിക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത് 13.33 കോടി രൂപയുടെ പ്രവൃത്തികൾക്കാണ് അനുമതി നൽകിയത്. കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സമർപ്പിച്ച ടെൻഡറിനാണ് അംഗീകാരമായത്. കഴിഞ്ഞവർഷം ജൂണിൽ ആദ്യ ടെണ്ടർ വിളിച്ചെങ്കിലും ആരും പങ്കെടുക്കാത്തതിനെ തുടർന്ന് റദ്ദാക്കിയിരുന്നു. റീ ടെണ്ടറിലൂടെയാണ് പുതിയ കരാറുകാരെ കണ്ടെത്തിയത്.
കുന്നുകര, കരുമാല്ലൂർ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാകും എന്ന് പ്രതീക്ഷിക്കുന്ന കുടിവെള്ള പദ്ധതിയുടെ അടങ്കൽ തുക 51.30 കോടിയാണ്. പദ്ധതി ശേഷി ഒന്പത് എംഎൽഡിയിൽ നിന്ന് 20 എംഎൽഡി ആയി ഉയർത്തിയ സാഹചര്യത്തിലാണ് അടങ്കൽ തുക നേരത്തെ നിശ്ചയിച്ച 36.50 കോടിയിൽ നിന്ന് ഉയർത്തിയത്.
പദ്ധതിക്കായുള്ള സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കിയിരുന്നു. കുന്നുകര പഞ്ചായത്തിലെ മൂന്ന് സർവ്വേ നമ്പറുകളിൽ ആയി 86.5 സെൻറ് ഭൂമിയും കരുമാല്ലൂർ പഞ്ചായത്തിലെ 12 സെന്റ് സ്ഥലവുമാണ് പദ്ധതിക്കായി ഏറ്റെടുത്തത്. കിഫ്ബി തുക അനുവദിച്ച പദ്ധതിയുടെ സ്ഥലമേറ്റെടുപ്പിന് മാത്രമായി 2.40 കോടി രൂപ ആദ്യം അനുവദിച്ചിരുന്നു.
ഇതു മതിയാകാതെ വന്നതിനെത്തുടർന്ന് 57.95 ലക്ഷം രൂപ കൂടി ഇതിനായി നൽകി. കുടിവെള്ള പദ്ധതിയുടെ ഉത്പാദന ഘടകങ്ങളായ കിണർ, ജല ശുദ്ധീകരണ ശാല, ജലസംഭരണികൾ എന്നിവ നിർമിക്കുന്നതിന് ആണ് സ്വകാര്യ ഭൂമി ഏറ്റെടുത്തത്. 2021 ജൂൺ 27നാണ് പദ്ധതിക്കായുള്ള മണ്ണ് പരിശോധന ആരംഭിച്ചത്. ഇത് മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാക്കി സെപ്റ്റംബറിൽ സർവേ ആരംഭിച്ചു.
മണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള ഏറ്റവും പ്രധാന പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഇതോടെ വഴിയൊരുങ്ങിയതായി മന്ത്രി പി. രാജീവ് പറഞ്ഞു. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.