അസ്ഥികൂട ഭാഗങ്ങൾ കൊണ്ടുവന്നത് ഡോക്ടറുടെ ഭാര്യയുടെ അറിവോടെയെന്ന് ജോലിക്കാരി
1493796
Thursday, January 9, 2025 4:32 AM IST
ചോറ്റാനിക്കര: അടഞ്ഞു കിടന്ന വീട്ടിലെ ഫ്രിഡ്ജിനുള്ളിൽ നിന്ന് അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അസ്ഥികൂടാവശിഷ്ടങ്ങൾ കൊണ്ടു വന്നിട്ടത് വീട്ടുടമയായ ഡോക്ടറുടെ ഭാര്യയുടെ അറിവോടെയെന്ന് ആ സമയത്ത് ഇവരുടെ വീട്ടിലെ ജോലിക്കാരിയായിരുന്ന ഷൈമു പോലീസിന് മൊഴി നൽകി.
ഡോ. ഫിലിപ്പ് ജോണിന്റെ മകൻ ഡോ. ജോയൽ ഫിലിപ്പ് വൈദ്യപഠനകാലത്ത് പഠനത്തിന് ഉപയോഗിച്ചിരുന്നതാണ് വീടി നുള്ളിൽ കണ്ടെത്തിയ അസ്ഥികൂടാവശിഷ്ടങ്ങൾ. ജോയൽ ബംഗളൂരുവിലെ വൈദ്യപഠനം പൂർത്തിയാക്കി നാട്ടിലേക്കെത്തിയ ഘട്ടത്തിൽ അവിടെ നിന്നു പാഴ്സലായി അസ്ഥികൂടമുൾപ്പെടെയുള്ള സാധനസാമഗ്രികൾ ഫിലിപ്പ് ജോണിന്റെ എറണാകുളത്തെ വീട്ടിലെത്തിച്ചതാണ്.
വീട് ശുചീകരിക്കുന്ന ഘട്ടത്തിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന അസ്ഥികൂടാവശിഷ്ടങ്ങൾ ഡോക്ടറുടെ ഭാര്യയുടെ നിർദേശപ്രകാരം ചോറ്റാനിക്കരയിലെ വീട്ടിലേക്ക് മാറ്റുകയായിരുന്നു.
2017ലാണ് ഇവിടേക്ക് അസ്ഥികൂടം അടങ്ങിയ ഫ്രിഡ്ജ് എത്തിച്ചതെന്ന് ജോലിക്കാരി പറഞ്ഞതായി പോലീസ് പറഞ്ഞു.
എറണാകുളത്ത് സ്വകാര്യ ക്ലിനിക്ക് നടത്തുന്ന ഡോ. ഫിലിപ്പ് ജോണിന്റെ ഉടമസ്ഥതയിലുള്ള ചോറ്റാനിക്കര എരുവേലിയിലെ മംഗലശേരി വീടിനകത്തെ ഫ്രിഡ്ജിൽ നിന്നാണ് കഴിഞ്ഞദിവസം മൂന്നു കിറ്റുകളിലായി കൈവിരലുകൾ, കാൽവിരലുകൾ, തലയോട്ടി എന്നിവയുൾപ്പെട്ട അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടത്തിയത്.
മെഡിക്കൽ വിദ്യാർഥികൾ പഠനാവശ്യത്തിന് ക്രമീകരിക്കുന്ന രീതിയിലാണ് അസ്ഥികൂടം സൂക്ഷിച്ചിരുന്നത്. അസ്ഥികൂടം കണ്ടെത്തിയ വീട്ടിലേയ്ക്ക് 15 വർഷമായി പോകാറില്ലെന്നാണ് ഡോ. ഫിലിപ്പ് ജോൺ പോലീസിനോട് പറഞ്ഞിരുന്നത്.