കീരംപാറയിൽ തോട്ടിലെ വെള്ളത്തിൽ മാലിന്യം കലർന്നെന്ന്
1494078
Friday, January 10, 2025 4:58 AM IST
കോതമംഗലം: കീരംപാറ പഞ്ചായത്തിലെ ഊഞ്ഞാപ്പാറ ഭാഗത്ത് പാടശേഖരത്തിന് സമീപത്തെ തോട്ടിലെ വെള്ളത്തിൽ മാലിന്യം കലർന്ന് നിറവ്യത്യാസത്തോടെ ഒഴുകുന്നതായി ആക്ഷേപം. നിരവധി ആളുകൾ കുളിക്കാനും മറ്റും ഉപയോഗിക്കുന്ന ജലത്തിനാണ് നിറവ്യത്യാസം ഉണ്ടായിരിക്കുന്നത്.
രാസമാലിന്യം കലര്‍ന്നതായാണ് സംശയിക്കുന്നത്. ഊഞ്ഞാപ്പാറ മൂക്കുംകുഴി തോട്ടിലെ വെള്ളമാണ് സോപ്പും പത പോലെ പതഞ്ഞൊഴുകുന്ന നിലയില്‍ ഇന്നലെ രാവിലെ കുളിക്കാന്‍ എത്തിയവര്‍ കണ്ടത്.
തോട്ടിലെ ചെക്ക് ഡാമില്‍ കെട്ടികിടക്കുന്ന വെള്ളത്തിന് നിറവ്യത്യാസവും തടയണയില്‍നിന്ന് താഴേക്ക് പതിക്കുന്ന വെള്ളം പതഞ്ഞൊഴുകുന്ന നിലയിലുമായതിന്റെ വീഡിയോ ദൃശ്യം അധികാരികള്‍ക്ക് മുന്നിലെത്തി. തുടര്‍ന്ന് പഞ്ചായത്ത് അംഗങ്ങളും ആരോഗ്യ, മലിനീകരണ നിയന്ത്രണ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
ചെക്ക് ഡാമിന് മുകളില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ വെളുത്ത നിറത്തില്‍ പത അംശം ദൃശ്യമാണ്. തടയണയില്‍നിന്ന് വെള്ളം താഴേക്ക് പതിക്കുമ്പോഴാണ് നുരഞ്ഞ് പതഞ്ഞ് ഒഴുകുന്നത്. കുപ്പിയില്‍ ശേഖരിച്ച വെള്ളം തിരികെ തോട്ടിലേക്ക് ഒഴിക്കുമ്പോഴും പതയുന്നുണ്ടെന്ന് പരിശോധനയ്ക്ക് എത്തിയവര്‍ ചൂണ്ടിക്കാട്ടി.
ഉച്ചയോടെ വെള്ളത്തിലെ നിറവ്യത്യാസം മാറി പൂര്‍വസ്ഥിതിയിലായെന്ന് പഞ്ചായത്ത്, ആരോഗ്യ വിഭാഗം അധികൃതര്‍ പറഞ്ഞു. ഇന്ന് വെള്ളം സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.