വ്യാജ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ലക്ഷങ്ങള്‍ തട്ടിയ യുവതി പിടിയില്‍
1465588
Friday, November 1, 2024 2:58 AM IST
കൊച്ചി: വ്യാജ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ലക്ഷങ്ങള്‍ തട്ടിയ കൊല്ലം സ്വദേശിനിയെ സൈബര്‍ പോലീസ് പിടികൂടി. കൊല്ലം പള്ളിത്തോട്ടം ഡോണ്‍ ബോസ്കോ നഗറില്‍ ജെന്‍സി മോളാണ് (24) അറസ്റ്റിലായത്. ആപ്പ് സ്റ്റോര്‍ ഒപ്റ്റിമൈസേഷന്‍ (എഎസ്ഒ) എന്ന ഓണ്‍ലൈന്‍ ബിസിനസ് ആപ്പില്‍ ആളുകളെ ചേര്‍ത്ത് ദിവസവരുമായി പണം സമ്പാദിക്കാമെന്ന് പറഞ്ഞ് 1500 ഓളം ആളുകളില്‍ നിന്നായി ലക്ഷങ്ങളാണ് പ്രതി തട്ടിയെടുത്തത്. ഇതിനു ശേഷം വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പോലീസ് പിടിയിലായത്.
20,000 രൂപ ആപ്ലിക്കേഷന്‍ വഴി ഡെപ്പോസിറ്റ് ചെയ്താല്‍ ദിവസ വരുമാനമായി നിശ്ചിത തുക ലാഭം വാഗ്ദാനം ചെയ്തിരുന്നു. ഈ വാഗ്ദാനത്തില്‍ വിശ്വസിച്ച് സാധാരണക്കാരായ നിരവധി ആളുകള്‍ തങ്ങളുടെ സമ്പാദ്യം പ്രതിയുടെ അക്കൗണ്ടിലേക്കും പ്രതി നല്കിയ മറ്റ് പല അക്കൗണ്ടിലേക്കും നിക്ഷേപിച്ചു. ആളുകള്‍ നിക്ഷേപിച്ച തുകയും അതിന്റെ ലാഭവും ആപ്ലിക്കേഷനില്‍ കാണിച്ചിരുന്നതിനാല്‍ പലരും ഈ തട്ടിപ്പിലേക്ക് വീഴുകയായിരുന്നു.
ആദ്യം പണം നിക്ഷേപിച്ച ആളുകള്‍ക്ക് നിക്ഷപിച്ച തുകയും വന്‍ ലാഭവും തിരികെ കിട്ടിയതിനാല്‍ അവര്‍ മുഖാന്തിരം കൂടുതല്‍ പേര് തട്ടിപ്പിലേക്ക് ചെന്നുവീണു.
പിന്നീട് ആപ്ലിക്കേഷനില്‍ കാണിച്ചിരുന്ന നിക്ഷേപത്തുകയും ലാഭവും പിന്‍വലിക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടര്‍ന്ന് തട്ടിപ്പിനിരയായ ഫോര്‍ട്ടുകൊച്ചി സ്വദേശിയും 52 പേരും ചേര്‍ന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. തട്ടിപ്പില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി.