ജില്ലയിൽ വൻ കഞ്ചാവ് വേട്ട; രണ്ടിടങ്ങളിലായി പിടികൂടിയത് 37 കിലോഗ്രാം
1465584
Friday, November 1, 2024 2:58 AM IST
കൊച്ചി/വൈപ്പിൻ: ദീപാവലി ആഘോഷങ്ങള്‍ക്കായി ഇതര സംസ്ഥാനക്കാര്ക്കടിയില് വില്‍പ്പന നടത്താന്‍ എത്തിച്ച 37 കിലോഗ്രാം കഞ്ചാവ് പിടികൂടി. കൊച്ചി നഗരത്തിലും വൈപ്പിനിലുമായി യഥാക്രമം 26 കിലോഗ്രാമും 11 കിലോഗ്രാമുമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ ഒഡീഷ സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. വൈപ്പിനിലെ വാടകവീട്ടിൽ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിലുൾപ്പെട്ട ഒഡീഷ സ്വദേശികളായ ദന്പതികൾ ഓടിരക്ഷപ്പെട്ടു.
ഒഡീഷ സ്വദേശികളായ പര്ഷു നാഗ് (35), പിന്റു നിമല്‍ (23) എന്നിവരെയാണ് കൊച്ചി സിറ്റി ഡാന്‍സാഫും എറണാകുളം സെന്‍ട്രല്‍ പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി പിടികൂടിയത്. ഇവരില്‍ നിന്നും ഗ്രേഡ് വണ്‍ ഇനത്തില്‍ പെട്ട 26 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ഒഡീഷയില്‍ നിന്നും എറണാകുളം, തിരുവന്തപുരം, ആലപ്പുഴ എന്നീ ജില്ലകള്‍ക്ക് പുറമേ മൂന്നാറിലേക്കും വന്‍ തോതില്‍ കഞ്ചാവ് എത്തിക്കുന്ന ലോബിയില്‍ പെട്ടവരാണ് അറസ്റ്റിലായത്. ഡപ്യൂട്ടി കമ്മീഷണര്‍ കെ.എസ്. സുദർശന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം നടത്തിയ രഹസ്യ നീക്കത്തില്‍ 35 കിലോ കഞ്ചാവുമായി ഈ സംഘത്തില്‍പ്പെട്ട് നാലു പേരെ എളമക്കര സ്റ്റേഷൻ പരിധിയില്‍ നിന്നും പിടി കൂടിയിരുന്നൂ. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.
10 കിലോ ഗ്രേഡ് വണ്‍ കഞ്ചാവിന് ഒന്നര ലക്ഷം രൂപയാണ് ഇവര്‍ വില ഈടാക്കിയിരുന്നത്. ഒഡീഷയില്‍ നിന്ന് കൊണ്ടുവരുന്ന കഞ്ചാവ് വിവിധ ജില്ലകളിലെ അന്യ സംസ്ഥാന മൊത്തക്കച്ചവടക്കാര്‍ക്ക് എത്തിച്ച് നല്‍കുകയായിരുന്നു ഇവരുടെ രീതി. പ്രതികളില്‍ ഒരാളായ പര്ഷു നാഗ് പതിനഞ്ച് വര്‍ഷമായി തിരുവന്തപുരത്ത് താമസിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത്.
വൈപ്പിനിൽ ഒഡീഷ സ്വദേശികളായ യുവ ദമ്പതികൾ താമസിച്ചിരുന്ന വാടക വീട്ടിൽ നിന്നും നാട്ടുകാരും ഞാറക്കൽ എക്സൈസും ചേർന്നാണ് 11 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. നാട്ടുകാരും എക്സൈസ് സംഘവും എത്തിയതോടെ ദമ്പതികൾ പിൻവാതിലിലൂടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രിയിൽ വൈപ്പിൻ മില്ലുവഴിയിലാണ് സംഭവം. വാടകയ്ക്ക് താമസിച്ചിരുന്ന ഒഡീഷ സ്വദേശികളായ സൽമാൻ പരസെത് (28), ഭാര്യ നിഷ റാണി (27) എന്നിവർക്കെതിരെ ഞാറക്കൽ എക്സൈസ് കേസെടുത്തു. വ്യാഴാഴ്ച രാത്രി സൽമാൻ ഒരു സ്കൂൾ ബാഗുമായി വീട്ടിൽ നിന്ന് ഇറങ്ങി റോഡിലെത്തി അവിടെ കാറിൽ ഉണ്ടായിരുന്നവരുമായി സംസാരിച്ചു നിൽക്കവേ തർക്കമുണ്ടായി. ഇവർ പിടികൂടാൻ വന്നതോടെ ഇയാൾ തിരിഞ്ഞോടിയത്രേ. സംഘം ഇയാളുടെ പിന്നാലെ ഓടുന്നതിനിടയിൽ സ്കൂൾ ബാഗ് വഴിയരികിലേക്ക് വലിച്ചെറിഞ്ഞു. ഇതിനിടെ നാട്ടുകാർ ഈ രംഗങ്ങൾ കണ്ട് ഓടിക്കൂടിയതോടെ ഓടിച്ച സംഘം പിന്തിരിഞ്ഞു.
വഴിയരികിൽ നിന്ന് ലഭിച്ച ബാഗ് തുറന്ന് പരിശോധിച്ചപ്പോൾ കഞ്ചാവ് പൊതികൾ കണ്ടെത്തിയതോടെ നാട്ടുകാർ ഞാറക്കൽ എക്സൈസിനെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. എക്സൈസെത്തി വീടു തുറന്ന് പരിശോധിച്ചപ്പോഴാണ് അഞ്ച് പ്ലാസ്റ്റിക് കവറുകളിലാക്കി വീടിനകത്തും കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയത്. കഞ്ചാവ് എക്സൈസ് കസ്റ്റഡിയിലെടുത്തു.
എളങ്കുന്നപ്പുഴ, വളപ്പ് ബീച്ച് പ്രദേശങ്ങളിൽ കഞ്ചാവ് എത്തിക്കുന്ന മുഖ്യ കണ്ണികളാണ് ദമ്പതികൾ എന്ന് എക്സൈസ് അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർ മനോജ് കുമാറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ ഷിബു, സിവിൽ എക്സൈസ് ഓഫീസർമാരായ ജീമോൾ, ദീപു ദേവദാസ്, ജാക്സൺ എന്നിവരാണ് റെയ്ഡിനു നേതൃത്വം നൽകിയത്.